Home Blog Page 438

കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം, ഇരയെയും പ്രതിയെയും കുറിച്ച് ഒരു സൂചനയുമില്ല; തുമ്പ് കിട്ടിയത് ഒരു പപ്പട പായ്ക്കറ്റിൽ നിന്ന്

വിശാഖപട്ടണം: ആരാണ് കൊല്ലപ്പെട്ടതെന്ന് പോലും വ്യക്തമാകാതിരുന്ന ദുരൂഹമായൊരു കൊലപാതക കേസിന്‍റെ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ചത് സംഭവ സ്ഥലത്തു നിന്ന് ലഭിച്ച ഒരു പപ്പട പായ്ക്കറ്റാണ്. ആന്ധ്രാ പ്രദേശിലെ അനന്തപൂരിൽ ആണ് അതിവിദഗ്ധമായി ഒരു കൊലപാതക കേസ് പൊലീസ് തെളിയിച്ചത്. മൃതദേഹം പൂർണമായും കത്തിയ നിലയിലായിരുന്നതിനാൽ പ്രതികളെ കണ്ടെത്തുക എന്നത് തുടക്കത്തിൽ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.

Also Read: ഒന്നര മണിക്കൂർ മുൻപ് ദീപക് വീട്ടുകാരുമായി സംസാരിച്ചു, ദുരൂഹതയെന്ന് കുടുംബം; യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി

കഴിഞ്ഞ ജൂൺ 23-നാണ് അനന്തപൂർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ദൃക്‌സാക്ഷികളോ വ്യക്തമായ മറ്റ് തെളിവുകളോ ഇല്ലാതിരുന്ന ഈ കേസ് തെളിയിക്കാനായി ഫോറൻസിക്, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. എസ്‌പി പി ജഗദീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഭാഗികമായി കത്തിയ ഒരു കന്നഡ പത്രം, വസ്ത്രങ്ങൾ, പൂണൂൽ, പപ്പട പായ്ക്കറ്റ് എന്നിവ കണ്ടെത്തി. ഈ പപ്പട പായ്ക്കറ്റാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

പപ്പടത്തിന്‍റെ നിർമ്മാതാക്കൾ ചെന്നൈയിലാണെന്ന് കണ്ടെത്തിയ പൊലീസ്, വിതരണക്കാർ ബെല്ലാരിയിലുണ്ടെന്ന് കണ്ടെത്തി. അവിടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുരാജു റാവു എന്ന സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പപ്പട വ്യാപാരിയെ കാണാനില്ലെന്ന വിവരം പൊലീസ് അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം ഗുരുരാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം പ്രതികൾ ഗുരുരാജുവിന്‍റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി അന്വേഷണസംഘം കണ്ടെത്തി. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു. തുടർന്ന് ഫോൺ രേഖകളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചാണ് രണ്ടാമത്തെ പ്രതിയിലേക്ക് പൊലീസ് എത്തിയത്. ബല്ലാരി സ്വദേശികളായ ബസവരാജു (31), കൊട്രേഷ് (36) എന്നിവരാണ് അറസ്റ്റിലായത്.

പപ്പട കച്ചവടത്തിലൂടെ ഗുരുരാജു റാവു വൻതോതിൽ പണം സമ്പാദിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ് പ്രതികൾ ഇയാളെ ലക്ഷ്യമിട്ടതെന്ന് അനന്തപൂർ ജില്ലാ എസ്‌പി പി ജഗദീഷ് വ്യക്തമാക്കി. ഗുരുരാജുവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. തുടർന്ന് ബൈക്കും മൊബൈൽ ഫോണും എടിഎം കാർഡുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതികളായ ബസവരാജുവും കൊട്രേഷും സംസാരിക്കാനും കേൾക്കാനും കഴിയാത്തവരായതിനാൽ ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഒന്നര മണിക്കൂർ മുൻപ് ദീപക് വീട്ടുകാരുമായി സംസാരിച്ചു, ദുരൂഹതയെന്ന് കുടുംബം; യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി

ന്യൂഡൽഹി: യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാന സ്വദേശി ദീപക് ദുഡ്ഡിയെയാണ് കാണാതായത്. ഈ മാസം രണ്ടാം തിയതി മുതലാണ് നാവികനെ കാണാതായത്. പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ്.

Also Read: ക്ഷേത്രത്തിലേക്ക് പോകുംവഴി വാഹനമിടിച്ചു; ന്യൂയോർക്കിൽ ​ഇന്ത്യൻ വിദ്യാ‍ർത്ഥിനിക്ക് ദാരുണാന്ത്യം

അതേസമയം, നാവികൻ കപ്പലിൽ നിന്ന് കടലിലേക്ക് വീണതായാണ് സംശയം. കാണാതാകുന്നതിന് ഒന്നര മണിക്കൂർ മുൻപും ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലേക്ക് പോകുംവഴി വാഹനമിടിച്ചു; ന്യൂയോർക്കിൽ ​ഇന്ത്യൻ വിദ്യാ‍ർത്ഥിനിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മുളപാഡു സ്വദേശിയായ പ്രസന്ന അട്ടല്ലൂരി (25) ആണ് കൊല്ലപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം പ്രസന്ന അടക്കം മൂന്നുപേർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പേസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽനിന്ന് അടുത്തിടെ ആണ് പ്രസന്ന ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് ജോലി അന്വേഷിച്ചു വരുന്നതിനിടെ ആണ് ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായത്.

Also Read: ‘പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്?’ ഇത് വെറും വാക്കുകളുടെ സമയമല്ല എന്ന് ഓർമ്മിപ്പിച്ച് കത്ത്; വിമർശനവുമായി എഐഎസ്എഫ്

ഈ മാസം അഞ്ചാം തീയതിയാണ് അപകടം ഉണ്ടായത്. പ്രസന്ന അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് സി​ഗ്നലിൽ നിർത്തിയിട്ടതിനിടെ അമിത വേ​ഗതയിൽ എത്തിയ വാഹ​നം ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായതെന്നും പ്രസന്ന അടക്കം രണ്ടുപേർ തൽക്ഷണം മരിച്ചതായും രണ്ടുപേർക്ക് പരിക്കുപറ്റിയതായും യുവതിയുടെ കുടുംബം അറിയിച്ചു.

യുവതിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനായി കുടുംബം ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. ബന്ധുവായ രവികുമാ‍ർ അട്ടല്ലൂരി മുഖേന ആണ് കുടുംബം ധനസമാഹരണം ആരംഭിച്ചത്. പ്രസന്ന കുടുംബത്തിന്റെ വലിയൊരു തണലായിരുന്നുവെന്ന് രവികുമാർ പറഞ്ഞു. എല്ലാവരും ആശ്രയിച്ചിരുന്നത് അവളെയായിരുന്നു. സ്വന്തം വിദ്യാഭ്യാസ വായ്പകൾ കൈകാര്യം ചെയ്യുമ്പോഴും മറ്റുള്ളവരെ സഹായിക്കാൻ അവൾ ഒരിക്കലും മടിച്ചില്ലെന്നും രവികുമാർ കൂട്ടിച്ചേ‍ർത്തു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം കണ്ടെത്താനും വിദ്യാഭ്യാസ വായ്പ അടച്ചുതീ‍‍ർക്കാനുമാണ് കുടുംബം ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഇതുവരെ 65359 ഡോളർ (62 ലക്ഷം രൂപ) കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ചാർട്ടേർഡ് അക്കൗണ്ടൻസി പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രസന്ന അട്ടല്ലൂരി ഉപരിപഠനത്തിനായി ന്യൂയോർക്കിൽ എത്തിയത്. പിതാവ് അട്ടല്ലൂരി വസന്ത റാവു കർഷകനാണ്. മല്ലേശ്വരിയിൽ ചെറിയ ബാ​ഗ് നിർമ്മാണ യൂണിറ്റ് നടത്തിവരികയാണ് മാതാവ്.

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സിന്റെ വിരമിക്കല്‍ വീഡിയോയില്‍ വിവാദം

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സിന്റെ വിരമിക്കല്‍ വീഡിയോയുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ രംഗത്ത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഡ്രെസ്സിങ് റൂമില്‍ വെച്ച് സ്റ്റോക്‌സ് സഹതാരങ്ങളോട് വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടതിനാണ് ഐസിസി വിശദീകരണം തേടിയത്. ഡ്രെസ്സിങ് റൂമിലെ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ഐസിസി ഇസിബിക്ക് കത്തയച്ചിരിക്കുന്നത്.

ടെസ്റ്റിന്റെ നാലാം ദിനം ടീ ബ്രേക്കിന് തൊട്ടുമുമ്പാണ് ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരും ഇസിബിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഈ വീഡിയോ പുറത്തുവിട്ടത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും മേഖലകളില്‍ പാലിക്കേണ്ട നിബന്ധനകളിലെ ആര്‍ട്ടിക്കിള്‍ 2.2.11 പ്രകാരം, മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനായോ ഓഡിയോ റെക്കോഡ് ചെയ്യുന്നതിനായോ ഡ്രെസ്സിങ് റൂമുകള്‍ക്കുള്ളില്‍ ക്യാമറകളോ മറ്റ് റെക്കോഡിങ് ഉപകരണങ്ങളോ സ്ഥാപിക്കാന്‍ പാടില്ല. മത്സരം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇത് റെക്കോഡ് ചെയ്ത് പുറത്തുവിട്ടത് ചട്ടലംഘനമാണെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി അറിയിച്ച് ബെന്‍ സ്റ്റോക്‌സ് സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു. തന്റെ 15 വര്‍ഷത്തെ നീണ്ട കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചാണ് സ്റ്റോക്‌സ് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്.

’15 വര്‍ഷമായിരുന്നു കടന്നുപോയത്. കളിയിലും ജീവിതത്തിലും ഏറ്റവും വലിയ സന്തോഷങ്ങളും കടുത്ത തിരിച്ചടികളും ഈ കരിയറില്‍ ഉണ്ടായിട്ടുണ്ട്. വിരമിക്കാനുള്ള എന്റെ സമയം അതിക്രമിച്ചിരുന്നു, ആ തീരുമാനം മറ്റാരെക്കാളും മുന്‍പ് എടുക്കേണ്ടത് ഞാന്‍ മാത്രമായിരുന്നു. ഇത്രയും കാലം എന്നെ പിന്തുണച്ച എല്ലാ ഇംഗ്ലണ്ട് ആരാധകരോടും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളോടും ഞാന്‍ സ്‌നേഹം അറിയിക്കുന്നു’, സ്റ്റോക്‌സ് കുറിച്ചു.

ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഒപ്പം കളിച്ച എല്ലാ സഹതാരങ്ങളോടും കടപ്പാടുണ്ടെന്ന് വ്യക്തമാക്കിയ താരം, ഇനി ഇംഗ്ലണ്ട് ടീമിന്റെ വെറുമൊരു ആരാധകനായി ഗാലറിയിലുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലും മാച്ച് വിന്നര്‍മാരിലും ഒരാളായാണ് ബെന്‍ സ്റ്റോക്‌സ് വിലയിരുത്തപ്പെടുന്നത്.

‘പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്?’ ഇത് വെറും വാക്കുകളുടെ സമയമല്ല എന്ന് ഓർമ്മിപ്പിച്ച് കത്ത്; വിമർശനവുമായി എഐഎസ്എഫ്

പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.

Also Read: ഡോ. കെ മോഹന്‍കുമാറിനെ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ആയി നിയമിച്ചു

ദുരന്തബാധിതർക്കൊപ്പം നേരിട്ട് നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എംപി അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് കത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മണ്ഡലത്തിന്‍റെ എംപി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധിയിൽ നിന്ന് കൂടുതൽ ശക്തമായ നേതൃത്വവും സജീവ ഇടപെടലുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കത്തിൽ പറയുന്നു

ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കാനും സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനപ്രതിനിധിക്ക് ഉത്തരവാദിത്തമുണ്ട്. അത്യാധുനിക തിരച്ചിൽ-രക്ഷാപ്രവർത്തന സംവിധാനങ്ങൾ ദുരന്തഭൂമിയിൽ എത്തിക്കുക, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം ഉറപ്പാക്കുക, സമഗ്രമായ പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുക എന്നിവയ്ക്കായി ലഭ്യമായ എല്ലാ വിഭവങ്ങളും അടിയന്തരമായി വിനിയോഗിക്കാൻ എംപി നടപടി സ്വീകരിക്കണം.

“ഇത് വെറും വാക്കുകളുടെ സമയമല്ല; നേതൃത്വവും കരുണയും നിർണായകമായ ഇടപെടലുകളും പ്രകടിപ്പിക്കേണ്ട നിമിഷമാണിത്. തങ്ങളുടെ ശബ്‍ദം കേൾക്കാൻ ആളുണ്ടെന്നും, ഈ അതിദുഷ്കരമായ സമയത്ത് സ്വന്തം ജനപ്രതിനിധി തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്നും വയനാട്ടിലെ ജനങ്ങൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്.” – കത്തിൽ എഐഎസ്എഫ് വ്യക്തമാക്കുന്നു. ദുരന്തത്തിൽ തകർന്നടിഞ്ഞ വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിനായി എല്ലാ രാഷ്ട്രീയ ഭേദമന്യേയുള്ള ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും, ജനങ്ങളെ പ്രതിസന്ധിഘട്ടത്തിൽ കൈവിടരുതെന്നും എഐഎസ്എഫ് കത്തിലൂടെ ഓർമ്മിപ്പിച്ചു.

എറണാകുളം-കായംകുളം മെമുവില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

ആലപ്പുഴ: ബ്രേക്ക് തകരാറിനെ തുടര്‍ന്ന് എറണാകുളം-കായംകുളം മെമുവില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. ട്രെയിന്‍ മാവേലിക്കര കഴിഞ്ഞ് കായംകുളത്ത് എത്താറായപ്പോള്‍ ഈരേഴ ഭാഗത്ത് വെച്ചാണ് പുക ശ്രദ്ധയില്‍പെട്ടത്.
ട്രാക്കില്‍ ജോലി ചെയ്തിരുന്ന ട്രാക് മെയിന്റനര്‍മാര്‍ ട്രെയിനിന്റെ പിന്‍ഭാഗത്തുനിന്ന് വലിയതോതില്‍ പുക ഉയരുന്നത് കണ്ടു. ഇവര്‍ ഉടനെ തൊട്ടടുത്ത ലെവല്‍ക്രോസുകളില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവിടെനിന്ന് റെയില്‍വേ അധികൃതരെ ബന്ധപ്പെടുകയും അവര്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ച് കൊയ്പ്പള്ളി കാരായ്മ ഭാഗത്ത് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു.
അപ്പോഴേക്കും ഒന്നര കിലോമീറ്ററോളം പിന്നിട്ടിരുന്നു. തുടര്‍ന്ന് നടക്കാവ് റെയില്‍വേ ഗേറ്റിനടുത്ത് ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. റെയില്‍വേയുടെ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ബ്രേക്കിലെ തകരാര്‍ കണ്ടെത്തുകയുമായിരുന്നു. ട്രെയിന്‍ മൊത്തത്തിലും പാളങ്ങളിലും പരിശോധന നടത്തി.
മെമു പിടിച്ചിട്ടതിനാല്‍ മറ്റ് ട്രെയിനുകള്‍ വൈകി. എറണാകുളംകൊല്ലം മെമു ഒരു മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് 40 മിനിറ്റും വൈകി. ഒറ്റ പാളത്തിലൂടെ മാത്രമാണ് ട്രെയിന്‍ ഗതാഗതം ക്രമീകരിച്ചിരുന്നത്. പിന്നീട് മെമു കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റി.
കോട്ടയം വഴി കായംകുളത്തേക്കുള്ള മെമു രാവിലെ 8.45 നാണ് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെട്ടത്. കനത്തമഴയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. കോഴിക്കോട്ട് നാലാമത്തെ പ്ലാറ്റ്ഫോമിലൂടെ മാത്രമേ ട്രെയിനിന് കടന്നുപോകാന്‍ സാധിക്കുകയുള്ളൂ.
വിവിധ ട്രെയിനുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെടേണ്ട തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കല്ലായിയില്‍നിന്നാണ് പുറപ്പെടുക. ബംഗളൂരു യശ്വന്ത്പൂര്‍ എക്‌സ്പ്രസ് കോഴിക്കോടിന് പകരം വെസ്റ്റ്ഹില്ലില്‍ നിന്നാണ് പുറപ്പെടുകയെന്നും റെയില്‍വേ അറിയിച്ചു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് തകര്‍ന്നുവീണത്. രാവിലെ 11:10 ഓടെയാണ് സംഭവം. കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ പ്ലാറ്റ് ഫോമില്‍ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിന്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിന്‍. അപകടം നടക്കുന്ന സമയത്ത് യാത്രക്കാര്‍ ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്. ഇവിടെ ഉണ്ടായിരുന്ന ചില ജീവനക്കാര്‍ ഓടിമാറുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ചു. പോലീസും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി.
ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടം. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് കനത്ത മഴയാണ് പെയ്തിരുന്നത്. ഇതിനെത്തുടര്‍ന്ന് ക്ലോക്ക് ടവര്‍ തകര്‍ന്നു വീണേക്കാമെന്ന മുന്നറിയിപ്പുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗംകൂടി നിലംപതിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് പ്രദേശത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പൈലിങ് അടക്കം നടത്തി വരുന്നുണ്ട്. ഇതേത്തുടര്‍ന്ന് കാലപ്പഴക്കമുള്ള സ്റ്റേഷനിലെ കൂറ്റന്‍ ടവറുകളുടെ ബലക്ഷയം സംബന്ധിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കോൺഗ്രസ്സ് പഞ്ചായത്ത് അംഗങ്ങൾ പ്രശസ്തിക്ക് വേണ്ടി പേര് നെറ്റിയിൽ ഒട്ടിച്ച് ചെണ്ടയും കൊട്ടി നടക്കുന്നു, പഞ്ചായത്ത് പ്രസിഡന്റിന്റെ അധിക്ഷേപം, പ്രതിഷേധം കോൺഗ്രസ്സ് പഞ്ചായത്ത് അംഗങ്ങളെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചു


ശാസ്താംകോട്ട: പഞ്ചായത്തിലെ പണാപഹരണത്തിനെതിരെസമരംചെയ്ത കോൺഗ്രസ്സ് പഞ്ചായത്ത് അംഗങ്ങൾ പ്രശസ്തിക്ക് വേണ്ടി പേര് നെറ്റിയിൽ ഒട്ടിച്ച് ചെണ്ടയും കൊണ്ടി നടക്കുന്നവരാണെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പഞ്ചായത്ത് അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് നെറ്റിയിൽ പെരെഴുതി ഒട്ടിച്ച് ചെണ്ടയും കൊട്ടിയാണ് പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്തത്.തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സെഡ് ആന്‍റണി തുണ്ടിൽ നൗഷാദ്, പി.നൂർ ദ്ദീൻകുട്ടി, അനിൽ പനപ്പെട്ടി,റിയാസ് പറമ്പിൽ എന്നിവരെ സസ്പെന്റ് ചെയ്തു.

പണാപഹരണത്തിൽ പങ്കുള്ളപഞ്ചായത്ത് പ്രസിഡന്റൻമാരെയും ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപെട്ടവരെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങൾക്കൊപ്പം മറ്റ് അംഗങ്ങളായ ബിനോയ് കരിന്തോട്ടുവ , വിനോദ് മുതുപിലാക്കാട്, ബിജു ലൂക്കോസ്, തസ്നി, നഫീസത്ത് ബീവി എന്നിവർ കമ്മിറ്റി ബഹിഷ്ക്കരിച്ച് പ്രതിഷേധ പ്രകടനമായി ശാസ്താംകോട്ട ജംഗ്ഷനിൽ എത്തി ധർണ്ണ നടത്തി. ധർണ്ണ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

അഴിമതിക്കെതിരെ സമരം ചെയ്ത പഞ്ചായത്ത് അംഗങ്ങളെ സസ്പെന്റ് ചെയ്താൽ പ്രതിഷേധം ഇല്ലാതാക്കാമെന്ന പ്രസിഡന്റ് മോഹം വെറും വ്യാമോഹം മാത്രമാണന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ മുന്നറിയിപ്പ് നൽകി. ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് എം.വൈ. നിസാർ അദ്ധ്യക്ഷത വഹിച്ചു. കിഴക്ക് മണ്ഡലം പ്രസിഡന്റ് ഗോപൻ പെരുവേലിക്കര, ആർ. അരവിന്ദാക്ഷൻപിള്ള അബ്ദുൽ സലാം പോരുവഴി , റഷീദ് ശാസ്താംകോട്ട, കൊട്ടക്കാട് അയകുമാർ , ജയകുമാർ പള്ളിയാടിയിൽ,റഷീദ് പള്ളിശ്ശേരിക്കൽ,ജയശ്രീ രമണൻ ,എസ്. ബീനാകുമാരി , ഷിയാസ് സുലൈമാൻ ,ഷാജി പനപ്പെട്ടി, ശാസ്താംകോട്ട ഷാജഹാൻ, ബബുജാൻ, വി.എൻ.സദാശിവൻ പിള്ള , അജിത്കുമാർ , ജോൺ പോൾ,ജിതിൻതുടങ്ങിയവർ പ്രസംഗിച്ചു

13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ കൂടൽ എസ് ഐക്കെതിരെ നടപടി

പത്തനംതിട്ട. 13 കാരിയുടെ വ്യാജ പരാതി ; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ച എന്ന പരാതിയിൽ നടപടി.കൂടൽ എസ് ഐ ജയ്മോഹനെ സ്ഥലംമാറ്റി. സ്ഥലംമാറ്റം DHQ ലേക്ക്

സി.ഐക്കെതിരായ നടപടി ഡിഐജി ഉടൻ തീരുമാനിക്കും. കോന്നി സിഐയാണ് കൂടൽ സ്റ്റേഷന്റെ ചുമതല നിർവഹിച്ചിരുന്നത്. അച്ചടക്ക നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് എസ്പി ഡിഐജിക്ക് നൽകി. വകുപ്പുതല അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 13കാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്നാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്

ഇതിൽ ഹൃദ്രോഗിയായ 20കാരനെ പോലീസ് മർദ്ദിച്ച എന്ന പരാതി ആഭ്യന്തരമന്ത്രിക്ക് ഉൾപ്പെടെ കുടുംബം നൽകിയിരുന്നു

അർജന്റീന വിജയാഹ്ലാദപ്രകടനത്തിനിടെ കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു

കൊല്ലം. കരിക്കോട് ടി.കെ .എം കോളേജ് ജംഗ്ഷന് സമീപം അർജന്റീന-ഈജിപ്റ്റ് മത്സരവിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് ഓടിക്കൊണ്ടിരുന്ന ബൈക്കിനാണ് തീപിടിച്ചത്
കിളികൊല്ലൂർ സ്വദേശി എസ്.അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിയത്.


ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്താണ് ബൈക്കിന് തീ പിടിക്കാൻ കാരണമെന്ന് ഫയർഫോഴ്സ് . ബൈക്കിനുള്ളിൽ നിന്ന് സ്പാർക്ക് കണ്ടതോടെ ഉടമ വണ്ടി റോഡരികിൽ നിർത്തിയതോടെ വലിയ അപകടം ഒഴിവായി.