Home Blog Page 220

ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു

പാട്ന: ബിഹാറിലെ ലഖിസരായ് ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു. നിരവധി ഭക്തര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 6. 45 ഓടെയായിരുന്നു അപകടം. ശ്രാവണ മാസ പൂജകള്‍ക്കായി ഭക്തര്‍ വന്‍തോതില്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയപ്പോഴാണ് അപകടം ഉണ്ടായത്.
ഒരു വൈദ്യുത തൂണ്‍ തകര്‍ന്ന് ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വൈദ്യുതി കമ്പികള്‍ പൊട്ടി വീണു എന്ന അഭ്യൂഹമാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. വൈദ്യുതി കമ്പി പൊട്ടിവീണു എന്ന വിവരം അറിഞ്ഞതോടെ ആളുകള്‍ ഓടി മാറാനായി തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിനിടയാക്കിയത്. പൊലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച പ്രമാണിച്ച് പൂജകള്‍ക്കായി ക്ഷേത്രത്തില്‍ വന്‍തോതില്‍ ഭക്തരാണ് എത്തിയിരുന്നത്. ദുരന്തത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ; ‘ഇത് ഒരുപക്ഷേ അവസാന ഫുട്‌ബോൾ വർഷം’

ലിസ്ബൺ: ഫുട്‌ബോളിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് വ്യക്തമായ പദ്ധതികളുണ്ടെന്ന് പോർച്ചുഗൽ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 25 വർഷത്തെ കരിയറിൽ ഒരുപാട് ത്യാഗങ്ങൾ സഹിച്ചെന്നും ഇനി കുടുംബത്തോടൊപ്പം നേടിയ നേട്ടങ്ങൾ ആസ്വദിക്കാനാണ് ആഗ്രഹമെന്നും 41-കാരനായ റൊണാൾഡോ പറഞ്ഞു.

വിവാഹത്തിന് മുന്നോടിയായി വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ വിരമിക്കൽ സൂചന നൽകിയത്. “ഇത് ഒരുപക്ഷേ എന്റെ അവസാന ഫുട്‌ബോൾ വർഷമായിരിക്കും. ഗംഭീരമായ ഒരു പാരമ്പര്യം ബാക്കിവെക്കാനാണ് ആഗ്രഹം,” റൊണാൾഡോ പറഞ്ഞു.

പ്രൊഫഷണൽ കരിയറിൽ 1,000 ഗോളുകൾ എന്ന ചരിത്രനേട്ടം ലക്ഷ്യമിടുന്ന റൊണാൾഡോ നിലവിൽ 976 ഗോളുകൾ നേടിയിട്ടുണ്ട്. സീനിയർ കരിയറിലെ 24-ാം സീസണിലേക്കാണ് താരം കടക്കുന്നത്. സൗദി പ്രോ ലീഗ് ക്ലബായ അൽ നസ്‌റിനായി കളിക്കുന്ന റൊണാൾഡോ 2026 ഫിഫ ലോകകപ്പിലും പോർച്ചുഗലിനായി കളിച്ചിരുന്നു.

ഫുട്‌ബോളിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. യാത്ര ചെയ്യാനും പാഡൽ കളിക്കാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാണ് ആഗ്രഹമെന്ന് റൊണാൾഡോ പറഞ്ഞു. 25 വർഷത്തെ കഠിനാധ്വാനത്തിനും ത്യാഗങ്ങൾക്കും ശേഷം താനും കുടുംബവും നേടിയ നേട്ടങ്ങൾ ആസ്വദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റൊണാൾഡോയുടെ കരിയറിന് വിരാമമാകുമെന്ന സൂചന ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ചരിത്രത്തിലെ അപൂർവ നേട്ടമായ 1,000 ഗോളുകൾ പൂർത്തിയാക്കിയശേഷമാകുമോ ഇതിഹാസ താരം കളിക്കളത്തോട് വിടപറയുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.

ഓച്ചിറ പരബ്രഹ്‌മ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി അഹമ്മദ് നജാദിന്റെ ആത്മഹത്യ; മൂന്ന് അധ്വാപകരെ സസ്‌പെന്റ് ചെയ്തു

കൊല്ലം: ഓച്ചിറ പരബ്രഹ്‌മ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി അഹമ്മദ് നജാദിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ മൂന്ന് അധ്വാപകരെ സസ്‌പെന്റ് ചെയ്തു. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഉയരുന്ന ആരോപണം. അധ്യാപകരുടെ മാനസിക പീഡനം പതിവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ഓച്ചിറ പരബ്രഹ്‌മ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് നജാദ്. കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ മുഹമ്മദ് നജാദ് ആത്മഹത്യ ചെയ്തത്. രണ്ടാം സെമസ്റ്ററിലെ ചില പരീക്ഷകളില്‍ പരാജയപ്പെട്ടതിലും പ്രൊജക്ടുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ അധ്യാപികമാര്‍ വിദ്യാര്‍ഥിയെ ശകാരിച്ചു എന്ന് സഹപാഠികള്‍ പറഞ്ഞിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ വിദ്യാര്‍ഥി വിഷമത്തില്‍ ആയിരുന്നെന്ന് കുടുംബവും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിച്ച് പഠിക്കാനായി മുറിയിലേക്ക് പോയ മുഹമ്മദ് നജാദ് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ച് നോക്കുമ്പോള്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായില്‍ മൃതദേഹം കാണുകയായിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപിച്ച് എസ്എഫ്ഐ കോളജില്‍ പ്രതിഷേധിച്ചിരുന്നു.

സുഹൃത്തിനെ കൈകാണിക്കുന്നതിനിടെ ബൈക്ക് തെന്നി; ടിപ്പറിനടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പനവൂരിൽ ടിപ്പറിനടിയിൽപ്പെട്ട് ടിപ്പർ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. കല്ലറ സ്വദേശി അരുണാണ് മരിച്ചത്. വെഞ്ഞാറമൂട്–പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്‌ലിം പള്ളിക്ക് സമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.

രാവിലെ വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു അരുൺ. ഇതിനിടെ അതേ ക്വാറിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പറിന് കൈകാണിക്കുന്നതിനിടെ ബൈക്ക് തെന്നിമാറി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിന്റെ ചക്രം അരുണിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അരുണും ടിപ്പർ ഓടിച്ചിരുന്ന സുഹൃത്തും വേങ്കമല ക്വാറിയിലെ ഡ്രൈവർമാരാണ്. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഐക്യൂഒഒ ഇസഡ്11 വ്യാഴാഴ്ച ഇന്ത്യയിൽ; 7,050 എംഎഎച്ച് ബാറ്ററി

ന്യൂഡൽഹി: വിവോ സബ് ബ്രാൻഡായ ഐക്യൂഒഒയുടെ പുതിയ സ്മാർട്ട്‌ഫോൺ ഇസഡ്11 വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇസഡ്11എക്സ്, ഇസഡ്11 ലൈറ്റ് മോഡലുകൾക്ക് പിന്നാലെ ഈ ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലായാണ് മിഡ് റേഞ്ച് വിഭാഗത്തിൽ ഇസഡ്11 എത്തുന്നത്. ആമസോൺ, ഐക്യൂഒഒ ഇന്ത്യ സ്റ്റോർ, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ ഫോൺ ലഭ്യമാകും.

അറോറ ഗ്രീൻ, സെലേഷ്യൽ ബ്ലൂ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. 3ഡി കർവ്ഡ് ഡിസൈനും 6.8 ഇഞ്ച് 3ഡി കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമാണ് പ്രധാന സവിശേഷത. 1.5കെ റെസല്യൂഷൻ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ ഡിസ്‌പ്ലേയിൽ ലഭിക്കും. ഹൊറിസോണ്ടൽ ക്യാമറ ബാറിൽ രണ്ട് സെൻസറുകൾക്കൊപ്പം എൽഇഡി റിങ് ലൈറ്റും നൽകിയിട്ടുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 7,050 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രധാന സവിശേഷത. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6ലാണ് ഫോൺ പ്രവർത്തിക്കുക. സർക്കിൾ ടു സെർച്ച്, എഐ ക്യാപ്ഷൻസ് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 40,000 രൂപയിൽ താഴെയായിരിക്കും ഫോണിന്റെ വിലയെന്നാണ് പ്രതീക്ഷ.

സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക മംഗല്യത്തിലൂടെ എട്ട് ജോഡികൾക്ക് വിവാഹം

തിരുവനന്തപുരം: സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സംഘടിപ്പിച്ച 11-ാമത് മംഗല്യ വിവാഹ പദ്ധതിയിലൂടെ 8 ജോഡികൾ കൂടി മംഗല്യസൗഭാഗ്യം നേടി. രാവിലെ 10ന് തിരുവനന്തപുരം എൽ.എം.എസ്. കോമ്പൗണ്ടിലെ എം.എം. സി.എസ്.ഐ. കത്തീഡ്രലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ദക്ഷിണേന്ത്യ സഭ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. റൂബൻ മാർക്ക്, ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ്, റൈറ്റ് റവ. ഡോ. പ്രിൻസ്ഡൺ ബെൻ, മോസ്റ്റ് റവ. ധർമ്മരാജ് റസാലം, റൈറ്റ് റവ. ജോസ് ജോർജ്, മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ, വൈസ് ചെയർമാൻ റവ. ഡോ. ഗിൽബർട്ട് ജോസ്, ട്രഷറർ റവ. ഡോ. എ.പി. ക്രിസ്റ്റൽ ജയരാജ്, ജോ. വൈസ് ചെയർമാൻ റവ. ഡി. സെബാസ്റ്റിൻ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ഡോ. ജെ. ജയരാജ്, സ്ത്രീജനസഖ്യം പ്രസിഡന്റ് ശ്രീമതി. ബീന പ്രിൻസ്ഡൺ, സെക്രട്ടറി ധന്യ ജോസ്, റവ. ആർ.എസ്. സുരേഷ് കുമാർ, റവ. റിജു താപസ് എന്നിവർ നേതൃത്വം നൽകി.

കേരള സംസ്ഥാന മുഖ്യമന്ത്രി ബഹു. പി.വി. സതീശൻ, മന്ത്രിമാരായ കെ മുരളീധരൻ, സി.പി. ജോൺ, എം.എൽ.എ മാരായ എം.ആർ. രാജേഷ്, വി. ജോയ്, ജി. സ്റ്റീഫൻ, എം. വിൻസന്റ്, എൻ. ശക്തൻ, മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഫ്. ജി.എസ്, കൗൺസിലർമാരായ ശബരിനാഥ്, ഷെർളി മാത്യു, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ശ്രീമതി. മറിയാമ്മ ഉമ്മൻചാണ്ടി, കേരള വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ശ്രീ. അശോകൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

2016 ൽ ആരംഭിച്ച ഈ മംഗല്യ പദ്ധതിയിലൂടെ 134 കുടുംബങ്ങൾ രൂപീകരിക്കപ്പെട്ടു. ഒരു കുടുംബത്തിന് 5 പവന്റെ ആഭരണവും, ഒരു ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റും, വിവാഹ ചെലവും സഭ നൽകുന്നതാണ് പദ്ധതി.

സിപിഎം, ബിജെപി അനുഭാവമുള്ള സിഐ മാർക്ക് പരിഗണന, സി ഐ നിയമന പട്ടിക സർക്കാർ അഴിച്ചു പണിതു

തിരുവനന്തപുരം.സി ഐ നിയമന പട്ടിക സർക്കാർ അഴിച്ചു പണിതു. സി.ഐമാരെ പൂർണ്ണമായും സ്ഥലംമാറ്റി പുതിയ ഉത്തരവ് ഇറങ്ങി. സി.ഐ നിയമനത്തിൽ വ്യാപക വിമർശനം എന്ന വാർത്തകളെ തുടര്‍ന്നാണ് നടപടി.

സിപിഐഎം, ബിജെപി അനുഭാവമുള്ള സിഐ മാർക്ക് പരിഗണന എന്നായിരുന്നു പരാതി. ഇവരെ വീടിനടുത്തുള്ള സ്റ്റേഷനുകളിലോ സഹായപ്രദമായ സ്റ്റേഷനുകളിലോ നിയമിച്ചു എന്ന് കോൺഗ്രസ് കേന്ദ്രങ്ങളിൽ തന്നെ വിമർശനം ഉണ്ടായി. ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് പുതിയ തീരുമാനം. ഒരു വിഭാഗം കെപിസിസിക്ക് പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പട്ടിക പുറത്തിറങ്ങിയത്. സമ്പൂർണ്ണ അഴിച്ചു പണിയാണ് പട്ടികയിൽ നടത്തിയിരിക്കുന്നത്. സി ഐ മാർ ചുമതലയുള്ള 64 സ്റ്റേഷനുകളിലും പുതിയ നിയമനം നടത്തും.

വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയിലേക്കാണ് 22 സി.ഐമാരുടെ നിയമനം. ആൻ്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സംസ്ഥാന വിഭാഗത്തിലേക്ക് നാല് സി.ഐമാരെയും നിയമിച്ചു. പൊലീസിനെ സമ്പൂർണ്ണമായി ജനകീയവൽക്കരിക്കുന്ന മൈ പോലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി കൂടിയാണ് പുതിയ മാറ്റങ്ങൾ. സംസ്ഥാനത്തെ സ്റ്റേഷനുകളിൽ എസ്ഐ മാർക്ക് ചുമതല കൈമാറി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമാകും ഇനി സിഐമാർ ചുമതലയിൽ ഉണ്ടാവുക.

ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ്മണപ്പള്ളി വടക്ക് മൂത്തേടത്ത് വീട്ടിൽ ഗംഗാധര കുറുപ്പ് നിര്യാതനായി

കരുനാഗപ്പള്ളി.രാഷ്ട്രീയ സ്വയംസേവക സംഘം കരുനാഗപ്പള്ളി താലൂക്കിന്റെ ആദ്യകാല കാര്യവാഹ്, ശാസ്താംകോട്ട താലൂക്ക് കാര്യവാഹ്, സംഘചാലക് , കൊല്ലം ജില്ലാ ബൗദ്ധിക് പ്രമുഖ് എന്നീ ചുമതലകൾ വഹിച്ചിരുന്ന മണപ്പള്ളി വടക്ക് മൂത്തേടത്ത് വീട്ടിൽ ഗംഗാധര കുറുപ്പ് (91 ) നിര്യാതനായി.ശൂരനാട് ഗവൺമെൻറ് ഹൈസ്ക്കൂളിലെ റിട്ട: അധ്യാപകനായിരുന്നു. സംസ്കാരം നടന്നു

ചിങ്ങപ്പുലരിയിൽ അയ്യപ്പർശനം തേടി ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്ക്

ശബരിമല.ചിങ്ങപ്പുലരിയിൽ അയ്യപ്പർശനം തേടി ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. അയപ്പസന്നിധിയിൽ നടന്ന ശബരിമല കീഴ്ശാന്തി തെരഞ്ഞെടുപ്പിൽ ഗണേഷ് പ്രസാദിന് നറുക്ക് വീണു. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് നട അടയ്ക്കും. ഓണക്കാല പൂജകൾക്കായി 24 ന് നട വീണ്ടും തുറക്കും. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിൽ അനുവാദം നൽകിയ മോഹൻലാൽ- തരുൺമൂർത്തി ചിത്രത്തിന്റെ
ഷൂട്ടിംഗിന് പെരിയാർ ടൈഗർ റിസർവ് അനുമതി നിഷേധിച്ചു.


ചിങ്ങപ്പുലരിയിൽ ശബരീശ വിഗ്രഹം വണങ്ങി പുതുവർഷത്തിന്റെ നല്ല തുടക്കത്തിനായി ശബരിമല സന്നിധാനത്തേക്ക് എത്തിയത് പതിനായിരങ്ങളാണ്. പുലർച്ചെ അഞ്ചുമണിക്ക് നട തുറന്നു. അഞ്ചര മുതൽ നെയ്യഭിഷേകം ആരംഭിച്ചു. ഉഷ:പൂജയ്ക്കുശേഷം കീഴ്ശാന്തിയെ തെരഞ്ഞെടുത്തു. ദേവസ്വംബോർഡ് ഉള്ളൂർ ഗ്രൂപിലെ ഗണേഷ് പ്രസാദിനാണ് നറുക്ക് വീണത്. 9 വയസ്സുകാരൻ കാർത്തിക് കൃഷ്ണയാണ് നറുക്കെടുത്തത്. ഇന്ന് മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ നടക്കും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഓണക്കാല പൂജകൾക്കായി ആഗസ്റ്റ് 24 ന് നട തുറന്നാൽ 28 ന് ചതയനാളിലാകും നടയടക്കുക.
18, 19 തീയതികളിൽ ശബരിമല സംവിധാനത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരിക്കാനിരുന്ന മോഹൻലാൽ തരുൺമൂർത്തി കൂട്ടുകെട്ടിലുള്ള അതിമനോഹരം എന്ന ചിത്രത്തിന് പെരിയാർ ടൈഗർ റിസർവ് അനുമതി നിഷേധിച്ചു. ദേവസ്വം ബോർഡ് അനുമതി നൽകിയെങ്കിലും പെരിയാർ ടൈഗർ റിസർവ് അനുമതി നിഷേധിച്ചതോടെ ക്ഷേത്രപരിസരത്ത് ഷൂട്ടിംഗ് നടക്കില്ല. റാന്നി വനം ഡിവിഷനിൽ അനുമതികിട്ടിയതിനാൽ
പമ്പവരെ ചിത്രീകരണംനടത്താം. കണ്ഠരര് ബ്രഹ്മദത്തൻ പുതിയ തന്ത്രിയായി ചുമതലയേറ്റതോടെ ശബരിമലയിൽ താന്ത്രിക കർമ്മങ്ങളിൽ പുതിയ തലമുറ മാറ്റവും വന്നിരിക്കുകയാണ്.

മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട്. മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കരുവാറ്റ സ്വദേശി ശിവൻകുട്ടി( 65 )ആണ് മരിച്ചത്.വീടിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈയും കാലും കെട്ടിയ നിലയിൽ.വീടിനുള്ളിൽ മുളകുപൊടി വിതറിയതായും കണ്ടെത്തി

ഹരിപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചു