ചെറുപയർ പൊടി പെട്ടെന്ന് കേടാകുന്നോ? ഇതൊന്ന് പരീക്ഷിക്കൂ

അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്നതും എന്നാൽ അത്രയധികം ഉപയോഗിക്കാത്തതുമാണ് കടലപ്പൊടി, ചെറുപയർ പൊടി മുതലായവ. വല്ലപ്പോഴും പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ, ഇവ മിക്ക സമയത്തും കേടായിപ്പോവുകയോ പ്രാണികൾ വന്നു നിറയുകയോ ചെയ്യാറുണ്ട്. ഇത്തരം പൊടികൾ ശരിയായ രീതിയിൽ സൂക്ഷിക്കാനുള്ള വഴികളാണ് ഇനി പറയുന്നത്.

വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക

വായു കടക്കാത്ത മുറുക്കമുള്ള പാത്രത്തിൽ സൂക്ഷിച്ചാൽ പയർമാവും കടലപ്പൊടിയുമെല്ലാം കുറേക്കാലം കേടാകാതെ സൂക്ഷിക്കാം. ഗ്ലാസ് കണ്ടെയ്നർ ആണ് ഇതിനു ഏറ്റവും നല്ലത്. മൂടി നന്നായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഇത് ഈർപ്പം അകത്തേക്ക് കയറുന്നത് തടയുകയും പൊടിയുടെപുതുമയും ഗുണനിലവാരവും നിലനിർത്തുകയും ചെയ്യുന്നു.

ഈർപ്പം ഒഴിവാക്കുക

ഈർപ്പമാണ് ഏറ്റവും വലിയ വില്ലൻ. പൊടികൾ ഇടുന്നതിനുമുമ്പ്, കണ്ടെയ്നറിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കുക. അതിനായി ആദ്യം തന്നെ കണ്ടെയ്നർ കുറച്ച് നേരം വെയിലത്ത് വയ്ക്കാം. അല്ലെങ്കിൽ, എടുത്തുവയ്ക്കുന്നതിനു മുമ്പ് പൊടി ചെറുതായി വറുക്കുക. ഈർപ്പം നീക്കം ചെയ്യാനും പൊടിയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. പൂപ്പൽ, ബാക്ടീരിയ എന്നിവയുടെ വളർച്ച തടയുന്നതിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഫ്രിഡ്ജിൽ സൂക്ഷിക്കുക:

ചെറുപയർ പൊടിയും മറ്റും ഒരു എയർടൈറ്റ് കണ്ടെയ്നറിൽ വെച്ച ശേഷം അത് ഫ്രിഡ്ജിൽ സൂക്ഷിക്കാം.ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് കൊണ്ടുള്ള സുതാര്യമായ പാത്രങ്ങളാണ് ഇതിന് ഏറ്റവും അഭികാമ്യം. കണ്ടെയ്നർ പതിവായി പരിശോധിക്കണം. ഇങ്ങനെ സൂക്ഷിക്കുന്നത് കീടങ്ങളുടെ ആക്രമണം തടയാനും സഹായിക്കുന്നു.

ബേ ഇലകൾ ഉപയോഗിക്കുക:

പ്രാണികളിൽ നിന്ന് രക്ഷ നേടാൻ പൊടിയിൽ രണ്ട് മുതൽ മൂന്ന് വരെ ബേ ഇലകൾ ഇട്ടുവയ്ക്കുക. ഈ ഇലകളുടെ ശക്തമായ ഗന്ധം പ്രാണികളെ തടയുന്നു. ഗോതമ്പ് പൊടിയിലും ഈ വിദ്യ പ്രയോഗിക്കാവുന്നതാണ്.

ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക

പൊടികൾ എപ്പോഴും ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക. നല്ലപ്രകാശമുള്ള സ്ഥലങ്ങൾ പെട്ടെന്ന് ചൂടാകുകയും അത് ബാക്ടീരിയയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. അടുക്കളയ്ക്കുള്ളിൽ ഷെൽഫ് പോലുള്ള അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി അവിടെ വേണം പാത്രം സൂക്ഷിക്കാൻ. ഇടയ്ക്കിടെ ഈ പൊടി പരിശോധിക്കുക

Advertisement