അമിതമായാൽ വിറ്റാമിൻ ബി3യും അപകടകരമെന്ന് പഠനം

വിറ്റാമിൻ ബി3 അല്ലെങ്കിൽ നിയാസിൻ അമിതമായി കഴിക്കുന്നത് ധമനികളിൽ വീക്കം ഉണ്ടാകാനും ഹൃദ്രോഗം ഉണ്ടാകാനും സ്ട്രോക്ക് സാധ്യത വർധിക്കാനും കാരണമാകുമെന്ന് പഠനം. നേച്ചർ മെഡിസിനിൽ ആണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

പഠനത്തിനായി, 1,100-ലധികം ആളുകളെ ഗവേഷകർ നിരീക്ഷിച്ചു. 2പിവൈ, 4പിവൈ എന്നീ രണ്ട് തന്മാത്രകളെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ശരീരത്തിൽ അധികമുള്ള നിയാസിൻ വിഘടിപ്പിക്കുമ്പോൾ ഇവ രണ്ടും ഉൽപ്പാദിപ്പിക്കപ്പെടുന്നു. 2പിവൈ, 4പിവൈ എന്നിവയിൽ ഏതെങ്കിലും തന്മാത്രയുടെ അളവ് ഉയർന്നാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഗവേഷകർ സ്ഥിരീകരിച്ചു.

വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെള്ളത്തിൽ ലയിക്കുന്ന ബി കോംപ്ലക്സ് വിറ്റാമിനാണ് വിറ്റാമിൻ ബി3 അഥവാ നിയാസിൻ. സെല്ലുലാർ മെറ്റബോളിസം, ഊർജ്ജ ഉത്പാദനം, നാഡീ വ്യവസ്ഥയുടെ പ്രവർത്തനം എന്നിവയിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു. മാംസം, കോഴി, മത്സ്യം, നട്സ്, സീഡുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ നിയാസിൻ ധാരാളമായി കാണപ്പെടുന്നു.

കൂടാതെ, ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിൽ നിന്ന് ശരീരത്തിന് നിയാസിൻ സമന്വയിപ്പിക്കാൻ കഴിയും. വിറ്റാമിൻ ബി 3 യുടെ കുറവ് പെല്ലഗ്ര എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ത്വക്ക് വിണ്ട് കീറുക, പാടുകൾ ഉണ്ടാവുക, നിറ വ്യത്യാസം വരിക, വായിലും നാവിലും വ്രണങ്ങളും വീക്കങ്ങളും ഉണ്ടാവുക, വയറിളക്കം, ഡിമെൻഷ്യ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഉയർത്താനും നിയാസിൻ സഹായിക്കും. എന്നിരുന്നാലും, ഉയർന്ന അളവിലുള്ള നിയാസിൻ ഹൃദയം, കരൾ എന്നിവയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

Advertisement