ശരീരഭാരത്തിലെ മാറ്റങ്ങൾ: നിസ്സാരമായി തള്ളരുതേ?

നമ്മുടെ ശരീരഭാരത്തിൽ മാറ്റം വരുന്നത് സ്വാഭാവികമാണ്. എങ്കിൽപ്പോലും അസാധാരണമായ മാറ്റങ്ങൾ കാണുന്ന പക്ഷം അത് ഏതെങ്കിലും വിധത്തിലുള്ള അസുഖങ്ങളെയോ ആരോഗ്യപ്രശ്നങ്ങളെയോ സൂചിപ്പിക്കുന്നതാകാം.

പലവിധത്തിലുള്ള രോഗങ്ങളിലും ആരോഗ്യപ്രശ്നങ്ങളിലും ശരീരഭാരത്തിൽ വ്യത്യാസം കാണാം. പക്ഷേ ഇങ്ങനെ കണ്ടാൽ ആദ്യമേ പോയി ചെയ്യേണ്ട ഒരു ടെസ്റ്റ് തൈറോയ്ഡ് ആണ്. കാരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളിൽ പ്രശ്നം സംഭവിക്കുന്നത് ശരീരഭാരം കൂടുന്നതിലേക്കോ കുറയുന്നതിലേക്കോ നയിക്കാം. നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ ഹോർമോണുകളുടെ ഉത്പാദനത്തിന് തൈറോയ്ഡ് ഗ്രന്ഥിയാണ് സഹായിക്കുന്നത്. ഈ ഹോർമോണുകളുടെ അളവിൽ കുറവോ കൂടുതലോ സംഭവിച്ചാൽ അത് ആരോഗ്യത്തെ പലരീതിയിലും ബാധിക്കാം.

ശരീരഭാരത്തിൽ വരുന്ന വ്യത്യാസത്തിന് പുറമെ അസ്വസ്ഥത, ഉത്കണ്ഠ- മൂഡ് ഡിസോർഡർ പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ, ക്ഷീണം, മുടി കൊഴിച്ചിൽ, ഉറക്കമില്ലായ്മ, ഡ്രൈ സ്‌കിൻ എന്നിങ്ങനെ പലവിധ പ്രയാസങ്ങളും ഇതുമൂലം നേരിടാം. ഹോർമോൺ ഉത്പാദനം കുറയുന്ന ‘ഹൈപ്പോതൈറോയ്ഡിസം’, ഹോർമോൺ ഉത്പാദനം കൂടുന്ന ‘ഹൈപ്പർതൈറോയ്ഡിസം’, തൈറോയ്ഡ് ഗ്രന്ഥി വീർത്തുവരുന്ന അവസ്ഥ ‘ഗോയിറ്റർ’, അതുപോലെ തൈറോയ്ഡ് ഗ്രന്ഥിയിലെ വളർച്ച ‘തൈറോയ്ഡ് നോഡ്യൂൾസ്’ എന്നിങ്ങനെയുള്ള നാല് പ്രശ്നങ്ങളാണ് പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കാനുള്ളത്. ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നതിനൊപ്പം മുമ്പേ സൂചിപ്പിച്ച ലക്ഷണങ്ങൾ കൂടി കാണുന്നപക്ഷം തൈറോയ്ഡ് ഗന്ഥിയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാനുള്ള ടെസ്റ്റ് ചെയ്യാം.

Advertisement