തക്കാളി കഴിക്കുന്നത്‌ പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ്‌ അർബുദത്തിന്റെ സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം

Advertisement

തക്കാളി കഴിക്കുന്നത്‌ പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ്‌ അർബുദത്തിന്റെ (Prostate Cancer) സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം. ആഴ്‌ചയിൽ 10 തവണ തക്കാളി കഴിക്കുന്നത്‌ പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ്‌ അർബുദത്തിന്റെ സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപേൻ (Lycopene) എന്ന ആന്റിഓക്‌സിഡന്റ്‌ ആണ്‌ അർബുദ നിയന്ത്രണത്തിൽ നിർണായകമാകുന്നത്‌.

കോശങ്ങൾക്കു നാശം വരുത്തുന്ന ശരീരത്തിലെ വിഷാംശം ലൈകോപേൻ നീക്കം ചെയ്യുമെന്നും പ്രോസ്‌റ്റേറ്റ്‌ അർബുദ സാധ്യത 18 ശതമാനം കുറയ്‌ക്കുമെന്നും കാൻസർ എപ്പിഡെമോളജി ബയോമാർക്കേഴ്‌സ്‌ ആൻഡ്‌ പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

ബ്രിസ്റ്റോൾ, കേംബ്രിജ്‌, ഓക്‌സ്‌ഫഡ്‌ സർവകലാശാലകളിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌. ഇതിനായി ഇവർ 50നും 69നും ഇടയിൽ പ്രായമുള്ള, പ്രോസ്‌റ്റേറ്റ്‌ അർബുദ ബാധിതരായ 1806 പേരുടെ ഭക്ഷണക്രമവും ജീവിതശൈലിയും നിരീക്ഷിച്ചു. അർബുദമില്ലാത്ത 12,005 പുരുഷന്മാരുടെ ഭക്ഷണക്രമവും ജീവിതശൈലിയും ഇതുമായി താരതമ്യപ്പെടുത്തി. ഇതിൽ നിന്നാണ്‌ അർബുദ നിയന്ത്രണത്തിൽ തക്കാളിക്ക്‌ സ്വാധീനം ചെലുത്താനാകുമെന്ന്‌ കണ്ടെത്തിയത്‌. ഗവേഷണ ഫലം സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങളും മനുഷ്യരിൽ കൂടുതൽ പരീക്ഷണങ്ങളും ആവശ്യമാണെന്നും റിപ്പോർട്ട്‌ പറയുന്നു. ആന്റി ഓക്‌സിഡന്റുകൾക്ക്‌ പുറമേ വൈറ്റമിൻ സിയും പൊട്ടാസ്യവും തക്കാളിയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത്‌ തലച്ചോറിന്റെയും ഹൃദയത്തിന്റെയും വയറിന്റെയും ആരോഗ്യത്തിനും നല്ലതാണ്‌.

Advertisement