നര തടയാൻ വഴി തുറന്ന് ശാസ്ത്രജ്ഞർ

മുടിയിഴകളിൽ നരകയറുന്നത് ഏവർക്കും ആധിയുണ്ടാക്കുന്ന കാര്യമാണ്. തനിക്ക് പ്രായമേറിയോ എന്ന ഭയമാണ് ആളുകൾക്ക് നര കയറുന്നതിനെതിരായ മനോഭാവത്തിനിടയാക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ആളുകളിൽ മുടിയുടെ നിറം മങ്ങി നരക്കുന്നത് എന്തു​കൊണ്ടാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.

മുടിവളരുന്നതിന് സഹായിക്കുന്ന ഹെയർ ഫോളിക്കിൾ സ്​റ്റെം ​സെൽസിനൊപ്പമുള്ള മെലാനൊസൈറ്റ് സ്റ്റെംസെല്ലാണ് മുടിക്ക് നിറം നൽകുന്നത്. ഇവ രണ്ടും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് നല്ല നിറം ലഭിക്കുക. എന്നാൽ മുടി കൊഴിഞ്ഞ് പുതിയത് വളരുമ്പോൾ മെലാനോസൈറ്റ് സ്റ്റെംസെൽ രോമകൂപങ്ങളിൽ കുടുങ്ങിക്കിടക്കും. ഹെയർ ഫോളിക്കിൾ സ്​റ്റെം ​സെൽസിൽ നിന്ന് മെ​ലാനോസൈറ്റ് സ്റ്റെംസെൽ അകലുന്നതിനാൽ നിറം ഉത്പാദിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ വരുന്നു. അതുമൂലമാണ് മുടി നരക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

നാച്വർ എന്ന ശാസ്ത്ര മാഗസിനിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചര്. രണ്ടു വർഷം എലികളിൽ നടത്തിയ നിരീക്ഷണത്തിലാണ് കണ്ടെത്തൽ. എലികളിൽ നിറമുത്പാദിപ്പിക്കുന്ന സ്റെറംസെല്ലിന്റെ ഭാഗത്തിന് പ്രായമാകുന്നതിനനുസരിച്ച് മാറ്റം സംഭവിക്കുന്നുവെന്ന് നിരീക്ഷണത്തിൽ കണ്ടെത്തി. മറ്റ് സ്റ്റെം സെല്ലുകളേക്കാൾ വേഗത്തിൽ മെലാനോസൈറ്റ് ​സ്റ്റെംസെൽ നശിക്കുന്നു. എലികളിലും മനുഷ്യരിലും ഇത് ഒരുപോലെയാണ്. അതിനാലാണ് എലികൾക്കും മനുഷ്യർക്കും രോമങ്ങൾ നരയ്ക്കുന്നതെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.

മുടി വളർന്ന് പ്രായമാകുമ്പോൾ കൊഴിയുകയും വീണ്ടും വളരുകയും ചെയ്യും. എന്നാൽ രോമകൂപത്തിന്റെ ഹെയർ ഫോളിക്കൾ ബൾജ് എന്നറിയപ്പെടുന്ന സ്ഥലത്ത് മെ​ലാനോസൈറ്റ് സ്റ്റെം സെൽ കുടുങ്ങിക്കിടക്കും. ഫോളിക്കിൾ ​സ്റ്റെംസെല്ലിനൊപ്പമിരിക്കുമ്പോൾ മാത്രമാണ് മെലാനോ​സൈറ്റ് നിറം ഉത്പാദിപ്പിക്കുന്നത്. ഫോളിക്കിൾ ബൾജിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മെ​ലാനോസൈറ്റിന് നിറം ഉത്പാദിപ്പിക്കാൻ സാധിക്കില്ല. ഇങ്ങനെ പുതിയ മുടികൾ നരക്കുന്നു.

ഈ കണ്ടെത്തൽ മുടി നരക്കുന്നതിനെ തടയുന്ന കണ്ടുപിടിത്തത്തിലേക്ക് നയിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പ്രഫസർ ക്വി സണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

Advertisement