ഈ ഭക്ഷണശീലങ്ങൾ ശീലമാക്കൂ, ഫാറ്റി ലിവറിനെ പടിക്ക് പുറത്ത് നിർത്താം

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗമാണ് ഫാറ്റിലിവർ ഡിസീസ്. മദ്യപാനം മൂലമുള്ളതും അല്ലാത്തതുമായി രണ്ട് വിധത്തിൽ ഫാറ്റി ലിവർ രോഗം വരാറുണ്ട്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് പലപ്പോഴും അമിത വണ്ണക്കാരിലും അലസമായ ജീവിതശൈലിയും സംസ്കരിച്ച ഭക്ഷണം അടങ്ങിയ ഭക്ഷണക്രമവും പിന്തുടരുന്നവരിലുമാണ് കണ്ടു വരുന്നത്.
ഈ രോഗത്തെ നേരിടാൻ കൊഴുപ്പ് കുറഞ്ഞതും ഫൈബറും കാർബോഹൈഡ്രേറ്റും പ്രോട്ടീനും അധികമുള്ളതുമായ ഭക്ഷണം കഴിക്കേണ്ടതാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടാം

കൊഴുപ്പ് കുറഞ്ഞതും ഫൈബറും കോംപ്ലക്സ് കാർബോഹൈഡ്രേറ്റും അടങ്ങിയതുമായ ഭക്ഷണമാണ് ഓട്സ്. ഇത് കഴിക്കുന്നത് ഭാരം കുറയ്ക്കാനും അത് വഴി ഫാറ്റി ലിവറിനെ പ്രതിരോധിക്കാനും സഹായിക്കും.

സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ വെണ്ണയ്ക്ക് പകരം അൺസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ അവക്കാഡോ പോലുള്ള ഭക്ഷണവിഭവങ്ങൾ കഴിക്കാവുന്നതാണ്. അവക്കാഡോയിലെ ഒമേഗ-3 ഫാറ്റി ആസിഡും ഫാറ്റിലിവറിനെ പ്രതിരോധിച്ച് കരളിനുണ്ടാകുന്ന നാശം കുറയ്ക്കും.

പല ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെയും പ്രധാന ചേരുവയാണ് വെളുത്തുള്ളി. വെളുത്തുള്ളി അടങ്ങിയ സപ്ലിമെൻറുകൾ ഫാറ്റി ലിവർ രോഗികളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ചീര, ബ്രക്കോളി പോലുള്ള പച്ചില വിഭവങ്ങൾ കരളിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇതിലെ ഫൈബർ പെട്ടെന്ന് വിശക്കാതിരിക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായകമാണ്. പച്ചിലകളിലെ ക്ലോറോഫിൽ കരളിനെ ശുദ്ധീകരിക്കുമ്പോൾ ഇവയിലെ നൈട്രേറ്റ് സംയുക്തങ്ങൾ കരൾ രോഗത്തിൻറെ ലക്ഷണങ്ങൾ കുറച്ച് കരളിനെ സംരക്ഷിക്കുന്നു.

ഫാറ്റി ലിവർ രോഗമുള്ളവർ റെഡ് മീറ്റിലും വെണ്ണയിലുമൊക്കെ കാണുന്ന സാച്ചുറേറ്റഡ് കൊഴുപ്പിൽ നിന്ന് അകലം പാലിക്കേണ്ടതാണ്. ഒലീവ് എണ്ണയിൽ അടങ്ങിയ അൺസാച്ചുറേറ്റഡ് കൊഴുപ്പ് ഇതിനാൽ പകരം ഉപയോഗിക്കാം.

മത്തി, ചൂര, സാൽമൺ പോലുള്ള മീനുകൾ ധാരാളമായി ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരൾ നാശം കുറയ്ക്കാൻ സഹായകരമാണ്. ഹാനികരമായ ട്രൈഗ്ലിസറൈഡ് കുറയ്ക്കാനും ആരോഗ്യകരമായ എച്ച്ഡിഎൽ വർധിപ്പിക്കാനും മീൻ നല്ലതാണ്.
മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ഫാറ്റി ലിവർ ബാധിക്കപ്പെട്ടവർ മദ്യപാനം പൂർണമായും ഒഴിവാക്കേണ്ടതാണ്. അതേ സമയം നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉള്ളവർ രണ്ട് മാസത്തിൽ ഒരു തവണയിൽ കൂടുതൽ മദ്യപിക്കരുതെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.

Advertisement