അനിയത്തിപ്രാവിലെ സ്‌പ്ലെൻഡർ വീണ്ടും സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ

ഒരു കാലത്ത് യുവാക്കളുടെ സ്വപ്‌ന വാഹനമായിരുന്നു സ്‌പ്ലെൻഡർ. 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോബോബനും ചാക്കോച്ചൻ പറപ്പിച്ച സ്‌പ്ലെൻഡറും യുവഹൃദയങ്ങൾ കീഴടക്കിയത്.

പിന്നീട് കേരളത്തിൽ സപ്ലെൻഡർ തരംഗമായിരുന്നു. പിന്നീട് അനിയത്തിപ്രാവും സ്‌പ്ലെൻഡറും വിസ്മൃതിയിലേക്ക് മറഞ്ഞു. എന്നാൽ കുഞ്ചാക്കോ ബോബൻ സ്‌പ്ലെൻഡർ മറന്നില്ല. പിന്നീട് പലതവണ അതേ സ്‌പ്ലെൻഡർ അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല.

2020 ൽ ഫ്ളവേഴ്‌സിലെ സ്റ്റാർ മാജിക്കിന്റെ പ്രത്യേക ഓണപ്പരിപാടിയിലെത്തിയപ്പോൾ ചാക്കോച്ചൻ തന്റെ പ്രിയ സ്‌പ്ലെൻഡറിനെ കുറിച്ച്‌ പറഞ്ഞിരുന്നു. ‘ബൈക്കിനെ കുറിച്ച്‌ ഞാൻ വീണ്ടും അന്വേഷിച്ചിരുന്നു. ആലപ്പുഴയിലെ ഈസ്റ്റ് വെനീസ് മോട്ടോഴ്‌സ് എന്നൊരു ഡീലർഷിപ്പ് വഴിയാണ് സിനിമയ്ക്ക് വേണ്ടി ബൈക്ക് കിട്ടിയത്. അന്നത് രജിസ്റ്റർ ചെയ്തിരുന്നില്ല വണ്ടി. സിനിമയുടെ ഉപയോഗത്തിന് ശേഷം വണ്ടി തിരികെ കൊണ്ടുപോയി’. kl-04 D 2827 എന്നായിരുന്നു സിനിമയിലെ ബൈക്കിന്റെ നമ്പർ. ഈ ബൈക്ക് എവിടെയെന്ന അന്വേഷണങ്ങൾക്ക് വിരാമമായിരിക്കുകയാണ്. ആ ബൈക്ക് വർഷങ്ങൾക്കിപ്പുറം ചാക്കോച്ചന്റെ കൈയിൽ തിരികെയെത്തി. ആലപ്പുഴയിലെ ബൈക്ക് ഷോറൂമിൽ ജോലി ചെയ്യുന്ന ബോണിയുടെ കൈവശം ബൈക്ക് ഉണ്ടെന്ന് ഒരുപാട് അന്വേഷണങ്ങൾക്ക് പിന്നാലെയാണ് കുഞ്ചാക്കോ ബോബൻ അറിയുന്നത്. ഷോറൂം ഉടമ കമാൽ എം.മാക്കിയിലുമായി സംസാരിച്ച്‌ അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷം താരം സ്‌പ്ലെൻഡർ സ്വന്തമാക്കി.

Advertisement