മനസുതുറന്ന് ചിരിച്ചിട്ട് നാളുകളായി; ചില വേദനകൾ വിശദീകരിക്കാൻ കഴിയില്ല – ശ്രുതി രജനീകാന്ത്

കടന്നു പോകുന്ന വിഷാദാവസ്ഥയെ കുറിച്ച് നടി ശ്രുതി രജനീകാന്ത്. മനസ് തുറന്ന് ചിരിച്ചിട്ട് ആഴ്ചകളായെന്നും ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. മനസ് മുഴുവൻ നെഗറ്റീവ് ചിന്തകളായിരിക്കുമെന്നും താരം പറയുന്നു.

മനസ് തുറന്ന് ചിരിച്ചിട്ട് ഏകദേശം ഏഴ് ആഴ്ചകളോളമായി. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മനസ് നിറയെ നമ്മളെ കൊണ്ട് ഒന്നിനും കഴിയില്ലെന്നുള്ള നെഗറ്റീവ് ചിന്തകളാണ്. ഉറങ്ങണമെന്ന് ആഗ്രഹിച്ചാൽ പോലും സാധിക്കാതെ കണ്ണ് മിഴിച്ച് കിടക്കേണ്ടി വരുന്ന അവസ്ഥ പറഞ്ഞറിയിക്കാൻ സാധിക്കില്ല. ജോലി കഴിഞ്ഞ് ക്ഷീണച്ച് വന്നാലും ഉറങ്ങാൻ പറ്റില്ല. ആദ്യമൊക്കെ ഒരുപാട് കരയുമായിരുന്നു. എന്നാൽ ഇപ്പോൾ അതുമില്ല. ഇതു ഞാൻ മാത്രം അനുഭവിക്കുന്ന കാര്യമല്ല. എന്റെ ജനറേഷനിലെ ഭൂരിഭാഗം പേരും ഇത് അനുഭവിക്കുന്നുണ്ട്- ശ്രുതി വിഡിയോയിൽ പറയുന്നു.

ഡിപ്രഷൻ അനുഭവിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ പങ്കുവെക്കാൻ പറഞ്ഞുകൊണ്ട് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടിരുന്നു. എനിക്ക് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു. ആരും സന്തോഷത്തിലല്ല. ഓക്കെ അല്ലെങ്കിൽ ഓക്കെയല്ലെന്ന് പറയണം. സുഖമല്ലെങ്കിൽ സുഖമല്ലെന്ന് തന്നെ പറയണം. എന്തിനാണ് മുഖം മൂടി ധരിക്കുന്നത്. മനസ് തുറന്നു സംസാരിക്കാൻ തയാറാണെങ്കിൽ കൗൺസലിങ് നല്ലതാണ്. മാനസിക സന്തോഷമാണ് ഏറ്റവും പ്രധാനം. കൈയിൽ പൈസയില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുകയെന്ന് പറയുന്നത് ഭാഗ്യമാണ്.

ചില വേദനകൾ വിശദീകരിക്കാനും നിർവചിക്കാനും കഴിയില്ല. നിർവീര്യമായ ഒരു അവസ്ഥയാണ്. നമുക്ക് നമ്മളേയുള്ളൂവെന്നത് എപ്പോഴും ശ്രദ്ധിക്കുക- ശ്രുതി പറഞ്ഞു.

Advertisement