സാനിയയും മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോർട്ട്; ഔദ്യോഗിക പ്രഖ്യാപനം നടത്തില്ല

ദുബായ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിൽ വേർപിരിയാൻ പോകുന്നു എന്ന വാർത്തകളായിരുന്നു കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഇതിനിടയിൽ ഇരുവരും ഒന്നിച്ചുള്ള ഷൂട്ടിംഗ് സെറ്റിലെ ചിത്രങ്ങളും വീഡിയോകളും എല്ലാം പുറത്ത് വന്നിരുന്നെങ്കിലും വിവാഹ മോചന വാർത്ത സജീവമായി തന്നെ നിലനിന്നിരുന്നു.

കൂടാതെ ഇരുവരും വിവാഹ മോചന വാർത്തകൾ തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ തയ്യാറായതുമില്ല. ഇതിനിടെ ഷൊയ്ബ് മാലിക്കുമായി അടുത്ത വൃത്തങ്ങൾ വിവാഹ മോചന വാർത്തകൾ ശരിവെച്ച് കൊണ്ട് രംഗത്തെത്തുകയും ഇരുവരും അകന്ന് താമസിക്കുകയാണ് എന്ന് പറയുകയും ചെയ്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളെ ശരി വെക്കുന്ന ഒരു റിപ്പോർട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്.

സാനിയ മിർസയുടേയും ഷൊയ്ബ് മാലിക്കിന്റേയും ഒരു സുഹൃത്ത് ഇരുവരുടേയും വിവാഹ മോചനം സ്ഥിരീകരിച്ചു എന്നാണ് ഇൻസൈഡ് സ്‌പോർട് എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും ഔദ്യോഗികമായി തന്നെ വിവാഹ മോചനം നേടിക്കഴിഞ്ഞു എന്നാണ് ഈ സുഹൃത്ത് പറയുന്നത്. എന്നാൽ ചില നിയമപ്രശ്‌നങ്ങൾ കാരണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ല എന്നാണ് സുഹൃത്ത് പറയുന്നത്.

പല ടെലിവിഷൻ ചാനലുകളുടേയും എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോമുകളുടേയും പരിപാടികൾ ദമ്പതികൾ എന്ന നിലയിൽ സാനിയ മിർസയും ഷൊയ്ബ് മാലിക്കും ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാനായി സാനിയ മിർസയും ഷൊയ്ബ് മാലിക്കും ചില കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ കരാർ വ്യവസ്ഥകൾ പാലിച്ചതിന് ശേഷമെ വിവാഹ മോചനം സംബന്ധിച്ച മറ്റ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ.

അതിനാലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്നാണ് സുഹൃത്ത് പറയുന്നത് എന്ന് ഇൻസൈഡ് സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ഉറുദു ഒ ടി ടി പ്ലാറ്റ്‌ഫോമായ ഉർദുഫ്‌ളിക്‌സ് ദി മിർസ മാലിക് ഷോ പ്രഖ്യാപിച്ചിരുന്നു. സാനിയ മിർസയും ഷൊയ്ബ് മാലിക്കും അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് വിവാഹ മോചന വാർത്ത ടോക്ക് ഷോയ്ക്ക് വേണ്ടി നടത്തിയ പ്രൊമോഷൻ ആണോ എന്ന് ചോദിച്ച് ചിലർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സാനിയ മിർസ തന്റെ പിറന്നാൾ ആഘോഷിച്ചത്. സാനിയ മിർസയ്ക്ക് ആശംസയുമായി ഷൊയ്ബ് മാലിക്ക് ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്ക് വെച്ചിരുന്നെങ്കിലും സാനിയ മിർസ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

മകൻ ഇഹ്സാൻ മിർസ മാലികിന്റെ നാലാം ജന്മദിനത്തിന് പിന്നാലെയാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും തമ്മിൽ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നത്. സാനിയ ഇതിന് ശേഷം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറികളും അഭ്യൂഹങ്ങൾക്ക് ബലമേകി. ഇരുവരും രണ്ട് വീട്ടിലാണ് താമസിക്കുന്നത് എന്നും നിയമപരമായ നടപടി ക്രമങ്ങൾ മാത്രമെ വിവാഹമോചനത്തിന് ബാക്കിയുള്ളൂ എന്നുമായിരുന്നു ഷൊയ്ബ് മാലിക്കുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ പറഞ്ഞത്. സാനിയ മിർസയും ഷൊയ്ബ് മാലിക്കും 2010 ലാണ് വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും ദുബായിൽ ആയിരുന്നു താമസിച്ച് വന്നിരുന്നത്. 2018 ലാണ് സാനിയ മിർസ ഇഹ്സാൻ മിർസ മാലിക്കിന് ജന്മം നൽകുന്നത്. ഇന്ത്യൻ ടെന്നീസിന്റെ മുഖമായ സാനിയ മിർസ ഡബിൾസിൽ ഒന്നാം റാങ്കിലും എത്തിയിരുന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനായ ഷൊയ്ബ് മാലിക്ക് ഇപ്പോഴു ക്രിക്കറ്റിൽ സജീവമാണ്.

Advertisement