അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചു; സംവിധായകക്കെതിരെ പരാതിയുമായി യുവതിയും

കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനി. എറണാകുളം സ്വദേശിനിയായ ഈ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഒരു യുവാവും സമാന പരാതിയുമായി എത്തിയിരുന്നു. ഭീഷണിക്കു വഴങ്ങി അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്തായ മലപ്പുറം സ്വദേശിനിയായ യുവതി, രണ്ടു വയസ്സുള്ള കുഞ്ഞുമായി ആഴ്ചകളായി റെയിൽവേ പ്ലാറ്റ്ഫോമുകളിലാണ് ഉറങ്ങുന്നത്.

എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇവരുടെ ഷൂട്ടിങ് സൈറ്റിലെത്തുന്നതെന്ന് യുവതി പറഞ്ഞു. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇതു സീരിയൽ അല്ലെന്നും വെബ്‌സീരീസിനു വേണ്ടിയാണെന്നും അറിയുന്നത്. ഇതിനകം അവർ സിനിമയുടേതെന്ന പേരിൽ ഒരു കരാറിൽ ഒപ്പുവപ്പിച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്തതിനാൽ എന്തിലാണ് ഒപ്പിട്ടു കൊടുത്തതെന്ന് മനസ്സിലായില്ല. തന്നെ കൊണ്ടുപോയ എറണാകുളം സ്വദേശി വായിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഒപ്പിട്ടു കൊടുത്തത്.– യുവതി പറഞ്ഞു.

‘‘മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്നു മനസ്സിലായതോടെ പറ്റില്ലെന്നു പറഞ്ഞു. ഇതോടെ ഭീഷണിപ്പെടുത്തി. തിരികെ പോകണമെങ്കിൽ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നു പറഞ്ഞു. ഞാനും ഒരു സ്ത്രീയല്ലേ.. മുഖം കാണില്ല, സ്വകാര്യ ഭാഗങ്ങളും കാണാത്തതു പോലെയാക്കി മാത്രമേ റിലീസ് ചെയ്യൂ എന്നു സംവിധായിക പറഞ്ഞു. നിന്നെ ചതിക്കില്ല, നഗ്നത ആരും കാണില്ല എന്നെല്ലാം ഉറപ്പു നൽകിയതോടെയാണ് അഭിനയിച്ചത്. ആദ്യ രണ്ടു ദിവസം അഭിനയിച്ചതിന് 20,000 രൂപ വീതം നൽകിയിരുന്നു. മൂന്നാം ദിവസം പോകാതിരുന്നപ്പോൾ ഒരു ലക്ഷം രൂപ തരാമെന്നു വാഗ്ദാനം ചെയ്തു. ഒരു കോടി തന്നാലും അഭിനയിക്കില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തി.

സിനിമ പുറത്തിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായത്. ഇതോടെ പൊലീസിൽ പരാതി കൊടുക്കുമെന്നു പറ‍ഞ്ഞു. പൊലീസുമായും മന്ത്രിമാരും എംഎൽഎമാരുമായും ബന്ധമുണ്ട്, നീ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു സംവിധായിക വെല്ലുവിളിച്ചു. തിരുവനന്തപുരം സൈബർ സെൽ പൊലീസിൽ പരാതി നൽകിയപ്പോൾ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിന്നെ ചോദിക്കുമ്പോൾ കേസെടുക്കാൻ പറ്റില്ലെന്നു പറഞ്ഞു. എന്നെ മുന്നിലിരുത്തി എന്റെ വിഡിയോ പച്ചയ്ക്കിരുന്നു കണ്ട അയാൾ ഒരു ബഹുമാനത്തിനും അർഹതയില്ലാത്ത ആളാണ്.

അടുത്ത ദിവസം വിളിച്ചപ്പോൾ നേമം പൊലീസിൽ പോയി കേസു കൊടുക്കാൻ പറഞ്ഞു. നേമത്തു കേസെടുക്കാതിരുന്നപ്പോഴാണ് സൈബർ പൊലീസിൽ പരാതി കൊടുക്കാൻ വന്നത്. പരാതി വാങ്ങിവച്ചിട്ടുണ്ട്. കേസെടുക്കില്ലെങ്കിൽ അതു നേരത്തെ പറയാമായിരുന്നു. സംവിധായികയുടെ വക്കീലാണ് സ്റ്റേഷനിൽ വന്നത്. അവരുടെ സംസാരത്തിൽ ഇവർ സുഹൃത്തുക്കളാണെന്നു മനസ്സിലായി. അതുകൊണ്ടു മാത്രമാണ് പൊലീസ് അവിടെ കേസെടുക്കാതിരുന്നത് എന്നാണ് മനസ്സിലായത്’’– യുവതി പറഞ്ഞു.

‘‘ഷൂട്ടിനു ചെല്ലുമ്പോൾ വീട്ടുകാരെ കൊണ്ടുവരാൻ പാടില്ലെന്നു നേരത്തെ പറഞ്ഞിരുന്നു. അതിനാൽ ആരെയും കൂട്ടാതെയാണ് പോയത്. അവിടെ ചെന്നപ്പോൾ പല സീരിയൽ നടിമാരും അവരുടെ അമ്മമാരും ചേച്ചിമാരുമെല്ലാമുണ്ട്. ഇക്കാര്യം ചോദിച്ചപ്പോൾ നീ ഹീറോ അല്ലേ, അങ്ങനെ കൊണ്ടുവരാൻ പാടില്ല എന്നായിരുന്നു മറുപടി. സംശയിക്കാൻ ഒന്നും ഇല്ലാത്ത നല്ല ആഘോഷമായിരുന്നു ആദ്യ ദിവസം. ആദ്യമായി ഒരു ഷൂട്ടിനു വന്നതിന്റെ സന്തോഷമായിരുന്നു. ഈ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് കരാറിൽ ഒപ്പുവപ്പിച്ചത്. വേറെ ഷൂട്ടിങ്ങിനു പോകാതിരിക്കാനാണ് കരാർ എന്നും പറഞ്ഞു.

സ്കൂളിൽ പോയിട്ടില്ലാത്തതിനാൽ പേരെഴുതി ഒപ്പിടാൻ മാത്രമാണ് ആകെ അറിയുന്നത്. മേൽവിലാസം പോലും ഐഡി കാർഡ് നോക്കിയാണ് എഴുതുന്നത്. താഴെ ഒപ്പിട്ടു കൊടുത്തു. ഈ പേപ്പർ കണ്ടിട്ട് എന്നെ പറ്റിച്ചതാണെന്നു വക്കീൽ പറയുന്നു. ഷൂട്ടിങ് രണ്ടാം ദിവസം ഇവരുടെ സ്വഭാവം ഒക്കെ മാറി. അഭിനയിക്കാനാവില്ല എന്നു പറഞ്ഞപ്പോൾ എന്തായാലും ചെയ്തില്ലേ ഇനി കൂട്ടി വാങ്ങിക്ക് എന്നാണ് അവരുടെ ഒരു നിർമാതാവ് പറഞ്ഞത്. 20,000 രൂപയ്ക്കൊന്നും ഇത്തരം സീൻ ചെയ്യാൻ ആരും നിൽക്കില്ലെന്നു പറഞ്ഞു. ഇനി ചെയ്യുമ്പോൾ ഒരു ലക്ഷം രൂപ വാങ്ങണം എന്നൊക്കെ പറഞ്ഞു. അവർക്കെല്ലാം ഇതു പറ്റിക്കലാണെന്ന് അറിയാമെന്നാണ് മനസ്സിലാക്കുന്നത്. മനഃപൂർവം വലയിലാക്കാനായിരുന്നു ശ്രമം.’’

Advertisement