ഒല ഇലക്ട്രിക് കാര്‍ പേറ്റന്റ് ഡിസൈന്‍ ചോര്‍ന്നു

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം തീര്‍ത്ത ഒല ഇലക്ട്രിക്ക് കാര്‍ രംഗത്തേക്കും പ്രവേശിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പുതിയ ഒല ഇലക്ട്രിക് കാറിന്റെ പേറ്റന്റ് ഡിസൈന്‍ ചിത്രം ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. പേറ്റന്റ് ചിത്രത്തിലെ രൂപകല്‍പ്പനയ്ക്ക് നേരത്തെ വന്ന ടീസറുകളുമായി ബന്ധമുണ്ടെന്നതാണ് ശ്രദ്ധേയം.
നിലവില്‍ കാര്‍ കണ്‍സെപ്റ്റ് ഘട്ടത്തിലായതിനാല്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ എത്തുമ്പോള്‍ ഡിസൈനില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നേക്കും. ഒല ഇലക്ട്രിക് കാറിന്റെ രൂപം മോഡല്‍ ട, മോഡല്‍ 3 എന്നീ ടെസ്ല സെഡാനുകളുമായി സാമ്യമുള്ളതാണ്. കൂപ്പെ പോലെ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫും ശ്രദ്ധേയമാണ്. ബോഡി പാനലുകള്‍ വൃത്താകൃതിയിലുള്ളതും മിനുസമാര്‍ന്നതുമാണ്. ഫ്യൂച്ചറിസ്റ്റിക് ഹെഡ്ലാമ്പുകള്‍, ഒആര്‍വിഎമ്മുകള്‍ തുടങ്ങി എയറോഡൈനാമിക്സിനെ സഹായിക്കുന്ന തരത്തിലുള്ള ഡിസൈന്‍ ബിറ്റുകളും ചിത്രങ്ങളിലൂടെ കാണാം.
ഇവികളില്‍ സാധാരണയുള്ളതു പോലെ ഒല ഇലക്ട്രിക്കില്‍ ഗ്രില്ലില്ല. മിനുസപ്പെടുത്തിയ ഫ്രണ്ട് ബമ്പറും ഇരുവശത്തുള്ള രണ്ട് എയര്‍ ഇന്‍ടേക്കുകളും കാറിന് പൂര്‍ണത വരുത്തുന്നു. ബമ്പറിന് മുകളിലാണ് ഹെഡ്ലാമ്പുകള്‍. കൂടാതെ എല്‍ഇഡി ലൈറ്റ് ബാര്‍ വഴി ബന്ധിപ്പിച്ചിരിക്കുന്ന ലൈറ്റുകളും ഇരുവശത്തുമുണ്ട്. മുന്‍ ടീസറുകള്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുടെ സൂചന നല്‍കിയിരുന്നു. കാറിന്റെ മുഴുവന്‍ വീതിയിലും ഉള്‍ക്കൊള്ളിച്ചാണ് ലൈറ്റ് ബാര്‍.
ഫ്രണ്ട് ഫെന്‍ഡറിന് പിന്നില്‍ ഒരു എയര്‍ വെന്റും ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളുള്ള ഒരു സ്‌കൂപ്പ് ചെയ്ത മുന്‍വാതിലുമുണ്ടെന്നാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. കാറില്‍ പരമ്പരാഗത വിങ് മിററുകള്‍ക്ക് പകരം ക്യാമറകള്‍ ഉണ്ടാകാനാണ് സാധ്യത. ഡ്യുവല്‍-ടോണ്‍ എയ്റോ-ഒപ്റ്റിമൈസ്ഡ് വീലുകളാണ് കാറിനുള്ളത്. ഫുള്‍ ഗ്ലാസ് റൂഫിലേക്ക് സൂചന നല്‍കുന്ന മുന്‍ ടീസറുകള്‍ക്കൊപ്പം ഇരട്ട-ടോണ്‍ ഇഫക്റ്റുമുണ്ടെന്ന് പേറ്റന്റ് ചിത്രങ്ങളില്‍ കാണുന്നു. റിയര്‍ സ്‌റ്റൈലിങ്ങില്‍ വ്യക്തതയില്ല.
ഒല ഇലക്ട്രിക് കാറിന്റെ ഇന്റീരിയര്‍ കമ്പനി നേരത്ത പുറത്തുവിട്ടിരുന്നു. ഹാപ്റ്റിക് കണ്‍ട്രോളുകളുള്ള ഒക്ടഗണല്‍ ടു-സ്പോക്ക് സ്റ്റിയറിങ് വീല്‍, ഫ്രീ-സ്റ്റാന്‍ഡിങ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മധ്യഭാഗത്ത് ഫ്‌ലോട്ടിങ് ഡിസൈനുള്ള കൂറ്റന്‍ ലാന്‍ഡ്സ്‌കേപ്പ് ഓറിയന്റഡ് ടച്ച്സ്‌ക്രീന്‍ എന്നിവ കാറിന്റെ പ്രത്യേകതകളാണ്. കാറിനെ കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ വാഹനത്തിന്റെ ബാറ്ററി റേഞ്ച് 500 കിലോമീറ്റര്‍ ആണെന്നും ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും സ്‌പോര്‍ട്ടി കാര്‍ തങ്ങളുടേത് ആയിരിക്കുമെന്നും കമ്പനി മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഫുള്‍ ചാര്‍ജിങ്ങില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന കാര്‍ സ്പോര്‍ട്ടി പെര്‍ഫോമന്‍സും കാര്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ടാറ്റ നെക്സോണ്‍ ഇവിക്ക് ബാറ്ററി റേഞ്ച് 437 കിലോമീറ്ററാണ്.
വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിലവിലുള്ള ഏതൊരു ഇലക്ട്രിക്ക് മോഡലിനെയും തോല്‍പ്പിക്കുന്ന പെര്‍ഫോമന്‍സാണ് ഒല കാറിന്റേത്. 2024ല്‍ കാര്‍ വിപണിയിലെത്തും. പ്രാരംഭ വില 25 ലക്ഷം രൂപയാണെന്നാണ് സൂചന.

Advertisement