ആൾട്രോസിന്റെ സി.എൻ.ജി മോഡലിന്റെ ബുക്കിങ് ആരംഭിച്ചു

പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ സി.എൻ.ജി മോഡലിന്റെ ബുക്കിംങ് ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ചു. XE, XM+, XZ, XZ+ എന്നിങ്ങനെ നാലു വേരിയന്റുകളിൽ പുറത്തിറക്കുന്ന സി.എൻ.ജി ആൾട്രോസ് 21,000 രൂപ നൽകി ബുക്കു ചെയ്യാനാകും. ഈ വർഷം ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോ 2023ലാണ് ടാറ്റ മോട്ടോഴ്‌സ് ആൾട്രോസ് സി.എൻ.ജി മോഡൽ അവതരിപ്പിച്ചത്. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവലയുടെ സി.എൻ.ജി മോഡലുകളായിരിക്കും ആൾട്രോസ് സി.എൻ.ജിയുടെ പ്രധാന എതിരാളികൾ.

മൂന്നാമത്തെ സി.എൻ.ജി മോഡലാണ് ആൾട്രോസിന്റെ രൂപത്തിൽ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ തിഗോറിനും തിയാഗോക്കും ടാറ്റ സി.എൻ.ജി മോഡലുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ ഈ രണ്ടു മോഡലുകളിൽ നിന്നും വ്യത്യസ്തമാണ് ആൾട്രോസ് സി.എൻ.ജി. പ്രധാനമായും സി.എൻ.ജി കിറ്റ് കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന രീതിയിലാണ് വ്യത്യാസമുള്ളത്.

കൂടുതൽ ലഗേജ് സ്‌പേസ് ലഭിക്കുന്നതിനു വേണ്ടി ഇന്ത്യയിൽ ആദ്യമായി ട്വിൻ സിലിണ്ടർ സി.എൻ.ജി ടെക്‌നോളജി ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത് ആൾട്രോസിലാണ്. 30 ലിറ്റർ വീതം വഹിക്കാവുന്ന രണ്ട് സി.എൻ.ജി സിലിണ്ടറുകളാണ് സി.എൻ.ജി കിറ്റിലുള്ളത്. ലഗേജ് സ്‌പേസിനെ കാര്യമായി ബാധിക്കാത്ത വിധത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 300 ലിറ്റർ ബൂട്ട്‌സ്‌പേസാണ് ആൾട്രോസ് ഐസിഎൻജിക്കുള്ളത്. കൂടുതൽ ബൂട്ട്‌സ്‌പേസിനുവേണ്ടി സ്‌പെയർ വീലിന്റെ സ്ഥാനം ടാറ്റക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.

തിയാഗോ, ടിഗോർ എന്നിവയിൽ സാമ്പ്രദായിക രീതിയിൽ സി.എൻ.ജി സിലിണ്ടറുകൾ ബൂട്ട്‌സ്‌പേസിലാണ് സ്ഥാപിച്ചിരുന്നത്. ഇത് സാധനങ്ങൾ വെക്കാനുള്ള സ്ഥലം വലിയ തോതിൽ അപഹരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ആൾട്രോസിന്റെ സി.എൻ.ജി മോഡലിൽ ടാറ്റ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ആൾട്രോസിന്റെ എതിരാളികളായ ബലേനോക്കും ഗ്ലാൻസെക്കും ഈ സൗകര്യമില്ല.

കാഴ്ച്ചയിൽ ആൾട്രോസ് സി.എൻ.ജിക്ക് വലിയ മാറ്റങ്ങളില്ല. iCNG ബാഡ്ജിംങാണ് പ്രധാന കാഴ്ച്ചയിലെ മാറ്റം. ഓപെറ ബ്ലൂ, ഡൗൺടൗൺ റെഡ്, ആർകേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ആൾട്രോസ് സി.എൻ.ജി മോഡൽ എത്തുന്നത്. തിയാഗോയുടേയും തിഗോറിന്റേയും സി.എൻ.ജി മോഡലുകളുടെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് ആൾട്രോസ് സി.എൻ.ജിക്കുമുള്ളത്. മാനുവൽ ഗിയർ ബോക്‌സുള്ള മോഡലിൽ 73bhp, 95Nm ടോർക്കും ലഭിക്കും. സി.എൻ.ജി കിറ്റ് ഒഴിവാക്കിയാൽ എഞ്ചിന് 84.82bhp കരുത്തും 113Nm പരമാവധി ടോർക്കും ലഭിക്കും. കിലോഗ്രാമിന് 27 കിലോമീറ്ററാണ് ആൾട്രോസ് ഐസിഎൻജിക്ക് പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത.

Advertisement