‘ലോകകപ്പിൽ കാര്യവട്ടത്തെ തഴഞ്ഞതല്ല’; വിവാദങ്ങളിൽ വിശദീകരണവുമായി ജയേഷ് ജോർജ്

Advertisement

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് മൈതാനത്തിൽ ഏകദിന ലോകകപ്പ് മത്സരം അനുവദിക്കാത്തത് സ്റ്റേഡിയത്തിലെ പരിമിതി കാരണമെന്ന് കെസിഎ പ്രസിഡൻറ് ജയേഷ് ജോർജ്. വിഐപി ബോക്‌സിൽ ആവശ്യത്തിന് സീറ്റുകളില്ലാത്തത് തിരിച്ചടിയായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടക്കുന്ന രണ്ട് ഐസിസി ടൂർണമെൻറുകളിൽ വേദിക്കായി ശ്രമം തുടരും. തിരുവനന്തപുരത്തെ തഴഞ്ഞതല്ല, സന്നാഹമത്സരങ്ങൾക്ക് അടക്കമുള്ള 12 വേദികളിൽ ഒന്നായി പരിഗണിക്കുകയായിരുന്നു. വിഷയത്തിൽ രാഷ്‍ട്രീയം കൂട്ടിക്കലർത്തേണ്ട കാര്യമില്ലെന്നും ജയേഷ് ജോർജ് പറഞ്ഞു.

ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള വേദികൾ പ്രഖ്യാപിച്ചപ്പോൾ ഗ്രീൻഫീൽഡ് സ്റ്റേഡ‍ിയത്തിൻറെ പേരില്ലാതിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രധാന മത്സരങ്ങൾക്ക് പകരം ലോകകപ്പിന് മുന്നോടിയായുള്ള നാല് വാംഅപ് മത്സരമാണ് തിരുവനന്തപുരത്തിന് അനുവദിച്ചിരിക്കുന്നത്. എന്നാൽ വാംഅപ് മത്സരങ്ങൾ ലഭിച്ചത് തന്നെ വലിയ നേട്ടമാണെന്നും മികച്ച മത്സരങ്ങൾ തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നതായുമായാണ് കെസിഎ കണക്കാക്കുന്നത്.

‘നമ്മൾ നിരാശപ്പെടേണ്ട കാര്യമില്ല, സന്നാഹമത്സരങ്ങളിലൂടെ എങ്കിലും ആദ്യമായാണ് ലോകകപ്പ് കളികളുടെ ഭാഗമാകാൻ കേരളത്തിന് അവസരം ലഭിക്കുന്നത്. മൊഹാലി പോലുള്ള വലിയ വേദികളെ മറികടന്നാണ് കേരളത്തിന് മത്സരം അനുവദിച്ചത്. നമുക്ക് ഇവിടെ പല പരിമിതികളുമുണ്ട്. ചില ന്യൂനതകൾ കാര്യവട്ടത്തിനുണ്ട്. മികച്ച ഗ്രൗണ്ടാണ് എന്ന് സമ്മതിക്കുന്നു. എന്നാൽ ഹോസ്‌പിറ്റാലിറ്റി അപാകതകളുണ്ട്. നാല് ഹോസ്‌പിറ്റാലിറ്റി ബോക്‌സുകളിലായി 100 സീറ്റുകളാണ് ഇവിടുള്ളത്. സ്പോൺസർമാർക്കും അംഗ രാജ്യങ്ങൾക്കുമടക്കം ഐസിസിക്ക് മാത്രം 1500ഓളം ഹോസ്‌പിറ്റാലിറ്റി ടിക്കറ്റുകൾ വേണം. ഇപ്പോൾ ഏറ്റവും കൂടുതൽ സീറ്റുകളുള്ള സ്റ്റേഡിയം എന്ന നിലയ്‌ക്കാണ് പ്രധാന മത്സരങ്ങൾ അഹമ്മദാബാദിലേക്ക് പോകുന്നത്. അതിൽ രാഷ്‌ട്രീയം ഒന്നുമില്ല. അഞ്ച് ദിവസങ്ങളിലായി നാല് മത്സരങ്ങളാണ് ലോകകപ്പിന് മുന്നോടിയായി തിരുവനന്തപുരത്ത് നടത്താൻ പോകുന്നത്. ഇത് ഇവിടെ ആദ്യമാണ്. സ്വന്തം സ്റ്റേഡിയത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ കാണികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ബിസിസിഐയുമായി ആലോചിച്ച് ടിക്കറ്റ് നിരക്കുകൾ തീരുമാനിക്കും. തിരുവനന്തപുരത്ത് ഇന്ത്യൻ ടീം എത്തുമെന്നാണ് പ്രതീക്ഷ. ന്യൂസിലൻഡ്-ഓസ്ട്രേലിയ മത്സരമൊക്കെ ഉള്ളതിനാൽ പരിശീലന മത്സരങ്ങൾ ആവേശമാകും’ എന്നും ജയേഷ് ജോർജ് വ്യക്തമാക്കി.

Advertisement