കോടതികള്‍ താലി കെട്ടി അവസാനിപ്പിക്കുന്ന പോക്‌സോ കേസുകള്‍ നല്‍കുന്ന സന്ദേശമെന്ത്?

Advertisement


ന്യൂഡല്‍ഹി: കേസിലെ അതിജീവിതയെയോ അവരുടെ കുടുംബത്തിലെ ഒരാളെയോ വിവാഹം കഴിച്ച് വര്‍ഷങ്ങള്‍ നീളുന്ന ജയില്‍വാസം ഒഴിവാക്കണോ എന്ന ചോദ്യമാണ് അടുത്തിടെ സുപ്രീം കോടതിയെടുത്ത രണ്ട് നിര്‍ണായ തീരുമാനങ്ങള്‍ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്.

ഒരു കൊലപാതക കേസ് പ്രതി ഇരയുടെ സഹോദരിയെ വിവാഹം കഴിച്ചതോടെ പരമോന്നത കോടതി 142ാം അനുച്ഛേദ പ്രകാരം ഇയാളെ ജയിലില്‍ നിന്ന് വിട്ടയച്ചത് അടുത്തിടെയാണ്. അതേസമയം കൊലപാതകത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ വിചാരണ തുടരുകയാണ്. കേസിലെ കക്ഷികളെല്ലാം തന്നെ ഒരു പ്രദേശത്ത് ജീവിക്കുന്നവരാണെന്ന് കോടതി നിരീക്ഷിച്ചു. അത് കൊണ്ട് തന്നെ കേസിലെ നടപടികള്‍ മാറ്റി വച്ച് പ്രദേശത്ത് സമാധാനം നിലനിര്‍ത്തണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

സാഹചര്യങ്ങളുടെ പ്രത്യേക വസ്തുത പരിഗണിച്ചാണ് കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് 142ാം അനുച്ഛേദം ഉപയോഗിച്ച് കേസില്‍ ഇടപെട്ടതെന്നും വ്യക്തമാക്കി.

കോടതിയുടെ ഇത്തരമൊരു ഇടപെടലുണ്ടായ മറ്റൊരു കേസും തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ളതാണ്. പ്രായപൂര്‍ത്തിയാകാത്ത അനന്തരവളെ ബലാത്സംഗം ചെയ്ത കേസില്‍ പോക്‌സോ പ്രകാരം ശിക്ഷിക്കെട്ട ആളെയാണ് ഈ കേസില്‍ കോടതി വിട്ടയച്ചത്. ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെയാണ് നടപടി.

അനന്തരവളെ വിവാഹം ചെയ്യുന്നത് തമിഴ്‌നാട്ടിലെ ആചാരമാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ഇയാള്‍ക്കെതിരെയുള്ള നടപടികള്‍ കോടതി നിര്‍ത്തി വയ്ക്കുകയും ചെയ്തു. അവരുടെ സമാധാനപരമായ വിവാഹ ജീവിതത്തില്‍ ഇടപെടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കേസിന്റെ പ്രത്യേകസാഹചര്യവും വസ്തുതകളും പരിഗണിച്ചാണ് നടപടിയെന്നും കോടതി ഈ കേസിലും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി സമാനമായ ഒരു സംഭവത്തില്‍ വലിയ വിവാദം ക്ഷണിച്ച് വരുത്തിയിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന എസ് എബോബ്‌ഡെ ഒരു ബലാത്സംഗ കേസിലെ പ്രതിയുടെ അഭിഭാഷകനോട്, അയാളുടെ കക്ഷി ഇരയെ വിവാഹം കഴിക്കാന്‍ തയാറാണോയെന്ന് ചോദിക്കാന്‍ പറഞ്ഞതായിരുന്നു വിവാദത്തിന് കാരണമായത്. എന്നാല്‍ ഈ കേസില്‍ പ്രതി വിവാഹിതനായതിനാല്‍ സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു.

അതേസമയം മാധ്യമങ്ങള്‍ തന്നെ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പിന്നീട് ബോബ്‌ഡെ ചൂണ്ടിക്കാട്ടി.

2021 മാര്‍ച്ച് പതിനട്ടെിന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും ഒരു കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തി വച്ചിരുന്നു. കേസിലെ പ്രതി ജാമ്യത്തിലിറങ്ങി ഇരയുടെ വീട് സന്ദര്‍ശിക്കുകയും ആ പെണ്‍കുട്ടി അയാള്‍ക്ക് രാഖി അണിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. കോടതി വിധികളും നിയമസംവിധാനങ്ങളുമെല്ലാം സമൂഹത്തിന്റെ പുരുഷാധിപത്യ നയങ്ങളെ ശരി വയ്ക്കും വിധം സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം തന്റെ വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷത്തിന് ഇപ്പുറവും ഇതിന് മാറ്റമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്ക് ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ സ്വതന്ത്രമായി കഴിയാനാകുന്നില്ല. പുരുഷന്‍മാര്‍ നിര്‍മ്മിച്ച നിയമങ്ങളാണ് ഇവിടെ വാഴുന്നത്. പുരുഷ കാഴ്ചപ്പാടിലാണ് ഇവിടെ സ്ത്രീ സ്വഭാവമുള്ള വിധികള്‍ പോലും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതായാലും വലിയ ഒരു ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇത്തരം കോടതി ഇടപെടലുകള്‍ ശരിക്കും എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യാനും പിന്നീട് ഒരു താലിയിലൂടെ അതിനെ ന്യായീകരിക്കാനുമുള്ള അവസരം തുറന്ന് നല്‍കുകയാണോ കോടതി എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

Advertisement