‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കരുത്, ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല’: ഉദ്ദവ് താക്കറെ

മുംബൈ : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.രാമക്ഷേത്രം ഏതെങ്കിലും ഒരു പാർട്ടിയുടേതല്ല. എല്ലാവരുടേതുമാണ്. എപ്പോൾ വേണമെങ്കിലും അയോധ്യയിലേക്ക് പോകാം. മുൻപ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്തും പോയിരുന്നു.

തനിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അയോധ്യയിൽ പോവാൻ ആരുടേയും ക്ഷണം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. ഉദ്ദവിന് ക്ഷണമില്ലെങ്കിലും മഹാരാഷ്ട്രാ നവ നിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറേയ്ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തെ വീടുകളിൽ രാമജ്യോതി തെളിയിച്ച് ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. അയോധ്യ വിമാനത്താവളവും റെയിൽവേസ്റ്റേഷനും ഉദ്ഘാടനം ചെയ്ത മോദി ന​ഗരത്തിൽ റോഡ് ഷോയും നടത്തി.

രാവിലെ 11 മണിക്ക് റോ‍ഡ്ഷോയോടെ തുടങ്ങിയ മോദി 15 കിലോമീറ്റർ ദൂരം ജനങ്ങളെ അഭിവാദ്യം ചെയ്തു. ഉജ്വല ​പദ്ധതിയിൽ വിതരണം ചെയ്ത പത്തു കോടി സിലിണ്ടറുകളിൽ അവസാനത്തേത് കിട്ടിയ ഗുണഭോക്താവിന്റെ വീട്ടിലും മോദി സന്ദർശനം നടത്തി. ശേഷം പുതുക്കി പണിത അയോധ്യാ ധാം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് എക്സ്പ്രസ് എന്ന പേരിലുള്ള രണ്ട് സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളും ആറു പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും ഫ്ലാ​ഗ് ഓഫ് ചെയ്തു. അയോധ്യയിൽ പുതുതായി പണിത മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളവും ഉദ്ഘാടനം ചെയ്തു.രാവിലെ 10 മണിക്ക് ദില്ലിയിൽനിന്ന് തിരിച്ച ആദ്യ ഇൻഡി​ഗോ വിമാനം അയോധ്യാ വിമാനത്താവളത്തിലിറങ്ങി.

ഒരു രാജ്യത്തിനും സംസ്കാരവും പൈതൃകവും മറന്ന് മുന്നോട്ടു പോകാനാവില്ലെന്ന് മോദി പറഞ്ഞു. ‘തന്റെ ഗ്യാരൻറി എന്തെന്ന് ചോദിക്കുന്നവർക്ക് ഉദാഹരണമാണ് അയോധ്യ. രാജ്യത്തിൻറെയും യുപിയുടെയും വികസന കേന്ദ്രമാകും അയോധ്യ’.എല്ലാവർക്കും അവകാശപ്പെട്ട രാമക്ഷേത്രം തുറക്കാൻ ലോകം കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.

Advertisement