തെലങ്കാനയിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തില്ല,സ്പീക്കർ തെരഞ്ഞെടുപ്പ് 16ന്

Advertisement

ഹൈദരാബാദ്. തെലങ്കാനയിൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. പ്രൊടൈം സ്പീക്കറായ അക്ബറുദ്ദീൻ ഒവൈസിയെ നിയമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു. സ്പീക്കർ തെരഞ്ഞെടുപ്പ് ഡിസംബർ 16ന് നടക്കും. ഗദ്ദം പ്രസാദ് കുമാറാണ് കോൺഗ്രസിൻ്റെ സ്പീക്കർ സ്ഥാനാർത്ഥി.


സഭയിലെ മുതിർന്ന അംഗത്തെ പ്രൊടൈം സ്പീക്കറാക്കുന്ന കീഴ് വഴക്കം ലംഘിച്ചുവെന്നാരോപിച്ചാണ് ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മജ്ലിസ് പാർട്ടിയെ ഒപ്പം നിർത്താനുള്ള കോൺഗ്രസിൻ്റെ അടവുനയമാണിതെന്നും സ്പീക്കർ തെരഞ്ഞെടുപ്പിനു ശേഷം മാത്രമെ ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ജി കിഷൻ റെഡ്ഡി പറഞ്ഞു.

കോൺഗ്രസിൻ്റെ എല്ലാ അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബിആർഎസ് അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ ആയതിനാൽ സത്യപ്രതിജ്ഞ ചെയ്തില്ല. ബിആർഎസ് വർക്കിങ് പ്രസിഡൻ്റ് കെ ടി രാമറാവു ഉൾപ്പെടെയുള്ള 15 പേരും പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. എംഎൽഎമാർ അധികാരമേറ്റ ശേഷം വ്യാഴാഴ്ച വരെ സഭ പിരിയുന്നതായി പ്രൊടൈം സ്പീക്കർ അക്ബറുദ്ദീൻ ഒവൈസി അറിയിച്ചു. സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻ ചൊവ്വാഴ്ചയുണ്ടായേക്കും. ബുധനാഴ്ച വരെ പത്രിക നൽകാം. 
എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം, തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ആറ് പദ്ധതികളിൽ രണ്ടെണ്ണം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. വീട്ടമ്മമാർക്ക് 2500 രൂപ പ്രതിമാസ പെൻഷനും സർക്കാർ ബസുകളിൽ സൗജന്യയാത്രയും അനുവദിയ്ക്കുന്ന മഹാലക്ഷ്മി പദ്ധതിയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
Advertisement