രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്ന് മോദി,തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി

Advertisement

ന്യൂഡൽഹി. രാജസ്‌ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐതിഹാസികവും അപൂർവവുമായ വിജയം, എല്ലാ വോട്ടർമാർക്കു നന്ദി. തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് ആത്മനിർഭർ ഭാരത് എന്ന പ്രമേയം വിജയിച്ചു. ദരിദ്രർക്ക് മുൻഗണന എന്ന ആശയം വിജയിച്ചു. രാജ്യത്തിൻ്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം എന്ന ആശയം വിജയിച്ചു. ഇന്നത്തെ വിജയം ചരിത്രപരവും അഭൂതപൂർവവുമാണ്. ‘സബ്കാ സാത്ത്, സബ്‌കാ വികാസ്’ എന്ന ആശയം വിജയിച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ നടന്നു. എൻ്റെ മുന്നിൽ നാലു ജാതികളാണുള്ളത് – സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ. ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് താൻ വിജയിച്ചെന്നാണ്. ഓരോ പാവപ്പെട്ടവന്റെയും മനസ്സിൽ താൻ വിജയിച്ചുവെന്ന തോന്നലാണ്. ഓരോ കർഷകനും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പറയുന്നു. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണ്.

ഇന്നത്തെ ഹാട്രിക് 2024ലെ ഹാട്രിക് ഉറപ്പുനൽകിയെന്നാണ് ചിലർ പറയുന്നത്. ഇന്ത്യ മുന്നോട്ട് പോകുമ്പോൾ സംസ്ഥ‌ാനം മുന്നോട്ട് പോകുമെന്നും ഓരോ കുടുംബത്തിന്റെയും ജീവിതം മെച്ചപ്പെടുമെന്നും ഇന്ത്യയിലെ വോട്ടർമാർക്ക് അറിയാം. അതിനാൽ, വോട്ടർമാർ ബിജെപിയെ തുടർച്ചയായി തിരഞ്ഞെടുക്കുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ എപ്പോഴും പ്രവചനങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു. ഇത്തവണ ഞാൻ ഈ നിയമം ലംഘിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് തിരിച്ചുവരില്ലെന്ന് പ്രവചിച്ചു. രാജസ്ഥാനിലെ ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. മധ്യപ്രദേശിൽ ബിജെപിക്ക് ബദലില്ല. രണ്ടു പതിറ്റാണ്ടായി ബിജെപി അവിടെ അധികാരത്തിലാണ്. ഇത്രയും കാലം കഴിഞ്ഞിട്ടും ബിജെപിയിൽ ജനങ്ങളുടെ വിശ്വാസം തുടർച്ചയായി വർധിച്ചുവരികയാണ്”- പ്രധാനമന്ത്രി പറഞ്ഞു.

Advertisement