ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം; 107 മെഡലുകള്‍

Advertisement

2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 സ്വര്‍ണമടക്കം 107 മെഡലുകളാണ് ടീം ഇന്ത്യ നേടിയിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഹാങ്ചോയില്‍ അവസാനദിനം ഇന്ത്യ നേടിയത് ആറ് സ്വര്‍ണമടക്കം 12 മെഡലുകളാണ്.
ഇന്ത്യ-അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ഫൈനല്‍ മഴമൂലം ഉപേക്ഷിക്കുകയും സീഡ് അടിസ്ഥാനത്തില്‍ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ പോയിന്റ് പട്ടികയില്‍ 28-ാം സ്വര്‍ണം ചേര്‍ത്തത്. ചെസ്സില്‍ ഇന്ത്യ രണ്ട് മെഡല്‍ കൂടി നേടി. ചെസ്സില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ വെള്ളി മെഡല്‍ നേടി. ഇതോടെ 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 107 ആയി.
പുരുഷന്‍മാരുടെ കബഡി, ബാഡ്മിന്റണ്‍ ഡബിള്‍സ് (സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി) എന്നിവയില്‍ ഇന്ന് സ്വര്‍ണം നേടി. പുരുഷന്മാരുടെ 86 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് വെള്ളി നേടി. വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കി.
ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തിയിരുന്നു. ഇതാദ്യായാണ് ഇന്ത്യ മെഡലുകളില്‍ സെഞ്ചുറി തികയ്ക്കുന്നത്.

Advertisement