ഡൽഹി യൂണിവേഴ്സിറ്റി: ഒഴിഞ്ഞുകിടക്കുന്നത് അയ്യായിരത്തിലേറെ സീറ്റ്

ന്യൂഡൽഹി: ‍ഡൽഹി സർവകലാശാല യിലെ 60 കോളജുകളിലായി ഒഴിഞ്ഞുകിടക്കുന്നത് അയ്യായിരത്തിലേറെ ബിരുദ സീറ്റുകൾ. 4 റൗണ്ട് സീറ്റ് അലോട്മെന്റ് നടപടികൾ പൂർത്തിയായിട്ടും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനെതിരെ അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. ഡിയുവിലെ എൺപതോളം കോളജുകളിലെ 71,000 സീറ്റുകളിലേക്കായി സിയുഇടി അടിസ്ഥാനത്തിലാണു പ്രവേശനം നടത്തുന്നത്.

ഡിയു കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടിക അനുസരിച്ച് 1557 ജനറൽ സീറ്റുകളും ഒബിസി വിഭാഗത്തിൽ 1310 സീറ്റുകളും ഒഴിവുണ്ട്. എസ്‌സി, എസ്ടി വിഭാഗം 1919 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള 967 സീറ്റുകളിലും ആരുമില്ല. ഏറ്റവുമധികം അപേക്ഷകരുണ്ടായിരുന്ന ബികോം ഓണേഴ്സിന് 6 കോളജുകളിലായി 108 സീറ്റ് ഒഴിവുണ്ട്. സയൻസ് കോഴ്സുകൾക്കാണ് സീറ്റുകൾ കൂടുതലുള്ളത്. ചില പ്രധാനകോളജുകളിൽ മാത്രമാണു മുഴുവൻ സീറ്റിലും വിദ്യാർഥികൾ പ്രവേശനം നേടിയത്.

രണ്ടു ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ച സർവകലാശാലയിൽ ഇത്രയേറെ ഒഴിവുകൾ വരുന്ന സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്ന് അധ്യാപകർ പറയുന്നു. പ്രവേശനനടപടികൾ സുതാര്യമല്ലെന്നും പല വിദ്യാർഥികൾക്കും നിസ്സാര കാരണങ്ങളാൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടെന്നും അധ്യാപകർ പറഞ്ഞു. സ്പെഷൽ സ്പോട്ട് അഡ്മിഷൻ ഡിയു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് അധികമാരും അറിഞ്ഞില്ലെന്നും ആക്ഷേപമുയർന്നു.

Advertisement