28 വർഷങ്ങൾക്ക് ശേഷം ഡൽഹി സർവകലാശാലയിലേക്ക് മലയാളത്തിന്റെ കടന്നുവരവ്

ന്യൂഡൽഹി: രണ്ടര പതിറ്റാണ്ടിന് ശേഷം ഡൽഹി സര്‍വകലാശാലയിലേക്ക് കടന്നുവന്നിരിക്കുകയാണ് മലയാളം. ദീർഘനാളായി അധ്യാപക നിയമനം മുടങ്ങിയതാണ് മലയാള ഭാഷ സർവകലാശാലയ്ക്ക് പുറത്താകാൻ കാരണം.

സർവകലാശാലയിലെ നോർത്ത് ക്യാംപസിലെ വിദ്യാർത്ഥികൾക്കാണ് നിലവിൽ മലയാളത്തിന്റെ ഓഫ്‌ലൈൻ ക്ലാസുകൾ നടക്കുന്നത്. സാഹിത്യവും, സംസ്കാരവും, കലയുമൊക്കെ വിളിച്ചോതുന്ന തെളിമലയാളം പഠിക്കാൻ മലയാളികൾക്ക് പുറമേ അന്യസംസ്ഥാന വിദ്യാർത്ഥികൾക്കും അവസരമൊരുങ്ങിയിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്നുള്ള ഡാനിയേലാണ് അത്തരമൊരു വിദ്യർത്ഥി.

അതേസമയം 1994-ൽ പ്രൊഫസർ അകവൂർ നാരായണൻ വിരമിച്ചതോടെയാണ് സർവകലാശാലയിലെ മലയാളം വകുപ്പിന് പൂട്ട് വീണത്. പീന്നിട് 28 വർഷത്തേക്ക് വേറെ നിയമനങ്ങളോന്നും നടക്കാത്തതിനെ തുടർന്ന് മലയാള പഠനവും മുടങ്ങുകയായിരുന്നു. സംസ്ഥാന സർക്കാരിനടക്കം ഇതിനെതിരെ നിവേദനങ്ങള്‍ നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ജൂണില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി മലയാളം ഉള്‍പ്പടെ ഏഴ് പ്രാദേശിക ഭാഷകള്‍ പഠിപ്പിക്കാന്‍ സർവകലാശാല അധ്യാപകരെ നിയോഗിച്ചതോടെയാണ് മലയാളഭാഷ വകുപ്പും യാഥാർത്ഥ്യമായത്.

സാഹിത്യകാരന്‍ കൂടിയായ ഡോ ശിവപ്രസാദാണ് മലയാളം വിഭാഗത്തിന്റെ പുതിയ മേധാവി. മലയാളത്തിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിലും അടുത്തയാഴ്ചമുതൽ ക്ലാസുകൾ തുടങ്ങും. നാല് വിദ്യർത്ഥികൾക്കുള്ള ഗവേഷണ സൗകര്യവും ഇത് മൂലം സർവകലാശായിൽ ഒരുങ്ങിയിട്ടുണ്ട്.

Advertisement