മഴക്കെടുതിയിൽ തകർന്ന് ഹിമാചലിലെ ജനം

Advertisement

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ സർവതും നഷ്ടപ്പെട്ട് ആയിരക്കണക്കിനാളുകൾ. മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും നിരവധിപ്പേർ മരിക്കുകയും വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. ദുരന്തത്തിൽ എന്തു ചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ജനം.

‘‘ഈ ദുഃസ്വപ്‌നത്തിലൂടെ കടന്നുപോകുന്നതിനേക്കാൾ ഭേദം മരണം തന്നെയായിരിക്കും’’– ഷിംലയിൽ മണ്ണിടിച്ചിലിൽ കെട്ടിടം തകർന്ന് എല്ലാം നഷ്ടപ്പെട്ട പ്രൊമീല പറയുന്നു. ഓഗസ്റ്റ് 23ന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ, രോഗിയായ അമ്മയോടൊപ്പം പ്രൊമീല താമസിച്ചിരുന്ന ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിക്ക് (ഐജിഎംസിഎച്ച്) സമീപമുള്ള സർക്കാർ ക്വാട്ടേഴ്സ് പ്രാരി ഹൗസ് ഭാഗികമായി തകർന്നിരുന്നു.

‘‘കാൻസർ ബാധിച്ച് 2016 മുതൽ ചികിത്സയിൽ കഴിയുന്ന 75 വയസ്സുള്ള അമ്മയ്‌ക്കൊപ്പമാണ് താമസം. രാം നഗറിലെ ഒരു കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്നെങ്കിലും സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് േജാലി നഷ്ടപ്പെട്ടു. പോകാൻ ഇടമില്ലാത്തതിനാൽ വ്യാഴാഴ്ച രാത്രി ഐ‌ജി‌എം‌സി‌എച്ചിൽ ഉറങ്ങി. ജോലിക്കായി അന്വേഷിക്കുകയാണ്. അമ്മയുടെ ചികിത്സയ്ക്ക് പണം ആവശ്യമുള്ളതിനാൽ തൂത്തുവാരാൻ പോലും തയാറാണ്. അമ്മ മാത്രമാണ് എനിക്കുള്ളത്’’– അവർ പറഞ്ഞു. പ്രൊമീലയ്ക്ക് സഹോദരങ്ങളോ പിതാവോ ഇല്ല. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ പ്രൊമീല അമ്മയ്ക്കൊപ്പമാണ് താമസം. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലിൽ തനിക്ക് എല്ലാം നഷ്ടപ്പെട്ടെന്നും മകന്റെ സ്‌കൂൾ ഫീസ് അടയ്ക്കാൻ പോലും പണമില്ലെന്നും മണ്ണിടിച്ചിലിന്റെ മറ്റൊരു ഇരയായ സുമൻ പറയുന്നു. ‘‘സാധനങ്ങളൊന്നും എടുക്കാനായില്ല. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകന്റെ പുസ്തകങ്ങൾ പോലും മണ്ണിടിച്ചിലിൽ നശിച്ചു’’– വീട്ടുജോലിക്കാരിയായ സുമൻ പറഞ്ഞു. ജൂൺ 24ന് മൺസൂൺ ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ 238 പേർ മരിച്ചു. 40 പേരെ കാണാതായി. ഈ മാസം ഇതുവരെ മാത്രം 120 പേരാണ് മരിച്ചത്.

Advertisement