തെലുങ്ക് വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു

Advertisement

ഹൈദരാബാദ്∙ ഗദ്ദർ എന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവ ഗായകൻ ഗുമ്മുഡി വിറ്റൽ റാവു അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1948ൽ ഹൈദരാബാദിലെ തൂപ്രാനിലാണ് ജനനം.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്–ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദർ ഇതിന്റെ സാംസ്കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തിൽ സജീവമായിരുന്നു ഗദ്ദർ. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ചിരുന്നു. ആന്ധ്രപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനായുള്ള പോരാട്ടം 13 വർഷം നീണ്ടപ്പോൾ തന്റെ ഗാനങ്ങളിലൂടെ ജനമനസ്സുകളിൽ പുതിയ സംസ്ഥാനമെന്ന വികാരം ഗദ്ദർ നിറച്ചു. തീപ്പൊരി ചിതറുന്ന വാക്കുകളുടെ ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തി.

കഴിഞ്ഞമാസം ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപനം നടത്തിയിരുന്നു. 1997 ഏപ്രിലിൽ ഗദ്ദറിനു നേരെ അഞ്ജാതര്‍ വെടിയുതിർത്തു. രക്തത്തിൽ കുളിച്ചുകിടന്ന ഗദ്ദറിനെ ഭാര്യയും മകനും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആറു ബുള്ളറ്റുകളാണ് ശരീരത്തിൽ തുളച്ചുകയറിയത്. അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലിൽ തറച്ച ഒരു ബുള്ളറ്റുമായി ആയിരുന്നു പിന്നീടുള്ള ജീവിതം.

Advertisement