അമ്മയുടെ അടുത്ത് നിന്ന് കാട്ടുപൂച്ച കടിച്ചെടുത്ത പിഞ്ചുകുഞ്ഞിന് മേൽക്കൂരയിൽ നിന്ന് വീണ് ദാരുണാന്ത്യം

Advertisement

ബദൌൻ: അമ്മയുടെ സമീപത്ത് കിടന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് കാട്ടുപൂച്ച എടുത്തുകൊണ്ട് ഓടുന്നതിനിടയിൽ മേൽക്കൂരയിൽ നിന്ന് വീണുമരിച്ചു. ഉത്തർ പ്രദേശിലെ ഉസവാൻ മേഖലയിലെ ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് പിഞ്ചുകുഞ്ഞിനെ കാട്ടുപൂച്ച കടിച്ചുകൊണ്ട് ഓടിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ പൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ മേൽക്കൂരയിൽ നിന്ന പൂച്ചയുടെ വായിൽ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു.

ഹസൻ – അസ്മ ദമ്പതികളുടെ പതിനഞ്ച് ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. പതിനഞ്ച് ദിവസങ്ങൾക്ക് മുൻപാണ് അസ്മ അൽഷിഫ, റിഹാൻ എന്നീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഗൌത്ര പാട്ടി ഭവുനി ഗ്രാമത്തിലായിരുന്നു ഇവരുടെ ജനനം. കുട്ടികളുണ്ടായ ശേഷം കാട്ടുപൂച്ചയെ സ്ഥിരമായി വീടിൻറെ പരിസരത്ത് കാണാറുണ്ടായിരുന്നുവെന്നും തുരത്തിയോടിക്കലായിരുന്നു പതിവെന്നും കുട്ടിയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. തിങ്കളാഴ്ച അർധരാത്രിയോടെ കീട്ടുപൂച്ച റിഹാനെ കടിച്ചെടുത്ത് പോവുകയായിരുന്നു.

അസ്മ ഒച്ചയിട്ടതോടെ വീട്ടുകാർ പൂച്ചയ്ക്ക് പിന്നാലെ ചെന്നു ഇതോടെ മേൽക്കൂരയിലേക്ക് കയറിയ പൂച്ചയുടെ വായിൽ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീടുകയായിരുന്നു. കുഞ്ഞ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഉസവാൻ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.

Advertisement