എലിയെ ബൈക്ക് കയറ്റിക്കൊല്ലുന്ന വീഡിയോ വൈറൽ പിന്നാലെ മറ്റൊരു കേസിൽ അറസ്റ്റിലായി യുവാവ്

Advertisement

നോയിഡ: എലിയെ ബൈക്ക് കയറ്റിക്കൊല്ലുന്ന വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് മറ്റൊരു കേസിൽ അറസ്റ്റിലായി. ഉത്തർ പ്രദേശിലെ നോയിഡയിൽ കഴിഞ്ഞ ദിവസമാണ് 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് എലിയെ ബൈക്ക് കയറ്റിക്കൊല്ലുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സൈനുൽ അബ്ദീൻ എന്ന ഇരുപത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത് ഞായറാഴ്ചയായിരുന്നു.

നോയിഡയിൽ ചെറുഭക്ഷണ ശാല നടത്തുന്നയാളാണ് യുവാവ്. എലിയുടെ മേൽ ഇയാൾ നിരവധി തവണ ബൈക്ക് കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചത്തെന്ന് ഉറപ്പായ ശേഷവും എലിയുടെ മേലെ നിരവധി തവണ ബൈക്ക് കയറ്റിയതിന് യുവാവിനെതിരെ രൂക്ഷ വിമർശനത്തോടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. ഇതിന് പിന്നാലെയാണ് സൈനുൽ അബ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളം പഴക്കമുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്.

എന്നാൽ ഭക്ഷണശാലയിൽ പണത്തേച്ചൊല്ലി കടയിലെത്തിയ ആളുകളുമായി വാക്ക് തർക്കമുണ്ടാക്കിയതിനും കയ്യേറ്റത്തിനുമാണ് ഇയാളുടെ അറസ്റ്റെന്നാണ് പൊലീസ് ഞായറാഴ്ച വൈകുന്നേരം വിശദമാക്കിയത്. പൊതുശല്യമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നാണ് ഉത്തർ പ്രദേശ് പൊലീസ് വിശദമാക്കുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് പേർ സൈനുൽ അബ്ദീന്റെ വീട്ടിലെത്തി യുവാവിൻറെ സഹോദരനെ ആക്രമിച്ചിരുന്നു. ഇവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. അതേസമയം യുവാവിൻറെ അറസ്റ്റിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് ഗൌതം ബുദ്ധ നഗർ പൊലീസ് കമ്മീഷ്ണർ ലക്ഷ്മി സിംഗ് വിശദമാക്കിയത്.

Advertisement