പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ഇനിമുതല്‍ ‘ഇന്ത്യ’ എന്ന് അറിയപ്പെടും

ന്യൂഡല്‍ഹി: 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ഇനിമുതല്‍ ‘ഇന്ത്യ’ എന്ന് അറിയപ്പെടും. ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് – I-N-D-I-A എന്ന പേരാണ് ബിജെപിയെ നേരിടാന്‍ സ്വീകരിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിലാണ് പുതിയ പേര് തീരുമാനിച്ചത്. ഇന്നത്തെ വിശാല പ്രതിപക്ഷയോഗത്തിനു മുന്നോടിയായി ഇന്നലെ നേതാക്കള്‍ അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. അത്താഴവിരുന്നിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പുതിയ പേരു വേണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) എന്നാണ് പേര്. ഇതില്‍പ്പെടാത്ത കക്ഷികളും വിശാല കൂട്ടായ്മയില്‍ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി പുതിയ പേര് കണ്ടെത്തിയത്. ഭരണകക്ഷിയായ ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പേരില്‍ അലയന്‍സ് എന്ന പദം വേണ്ടെന്ന നിലപാട് ഇടതു പാര്‍ട്ടികള്‍ സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രണ്ട് എന്ന പദമാണ് പകരം അവര്‍ നിര്‍ദേശിച്ചത്. ഇന്നലെ രാത്രിയില്‍ നടന്ന അത്താഴവിരുന്നില്‍ എല്ലാ പാര്‍ട്ടികളോടും സഖ്യത്തിന്റെ പേരു നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പല പേരുകളും നിര്‍ദേശിച്ചവയില്‍നിന്ന് INDIA എന്ന പേരിലേക്ക് എല്ലാവരും എത്തുകയായിരുന്നു.

Advertisement