കല്യാണ ദിവസം വരന്‍ മദ്യപിച്ച് ഫിറ്റ്; ഒടുവില്‍ സംഘര്‍ഷം… വരനെയും മാതാപിതാക്കളേയും ബന്ധുക്കളേയും പെണ്‍വീട്ടുകാര്‍ തടഞ്ഞുവച്ച് പൂട്ടിയിട്ടു

Advertisement

ഖുഷിനഗര്‍: വിവാഹവേദിയില്‍ ചടങ്ങുകള്‍ക്ക് ശേഷം വരണമാല്യം അണിയിക്കാനായി വധു വരന്റെ അടുത്തെത്തിയപ്പോള്‍ കണ്ടത് മദ്യപിച്ച് കാല് പോലും നിലത്ത് ഉറയ്ക്കാതെ നില്‍ക്കുന്ന വരനെ. പകച്ച് പോയ വധു വേദിയില്‍ പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. പിന്നാലെ ഇരുവിഭാഗം ബന്ധുക്കളും ചേരി തിരിഞ്ഞ് തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ വരനെയും മാതാപിതാക്കളേയും ബന്ധുക്കളേയും പെണ്‍വീട്ടുകാര്‍ തടഞ്ഞുവച്ച് പൂട്ടിയിടുക കൂടി ചെയ്തതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തി.
ഉത്തര്‍ പ്രദേശിലെ ഖുഷിനഗറിലെ തിവാരി പാഢി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. ബിഹാറിലെ ദാര്‍ഭാംഗ ജില്ലയിലെ ഭാല്‍പാട്ടി ഗ്രാമത്തിലെ യുവാവുമായാണ് ഖുഷി നഗര്‍സ്വദേശിയായ യുവതിയുടെ വിവാഹം തീരുമാനിച്ചത്. വധുവരന്മാര്‍ വരണമാല്യം കൈമാറുന്ന ചടങ്ങിനായി വധു വേദിയിലെത്തുമ്പോഴാണ് ഫിറ്റായി കാല് നിലത്തുറയ്ക്കാത്ത നിലയില്‍ വരനെ കാണുന്നത്. ഉടന്‍ തന്നെ വധുവിന്റെ ബന്ധുക്കള്‍ ചടങ്ങുകള്‍ നിര്‍ത്തിവച്ച് വരന്റെ ബന്ധുക്കളുമായി തര്‍ക്കിച്ചു. രാത്രി വൈകിയും പ്രശ്‌നം ചര്‍ച്ച ചെയ്ത് തീരാതെ വന്നതിന് പിന്നാലെ ഗ്രാമത്തിലെ മുതിര്‍ന്ന ആളുകളുടെ മധ്യസ്ഥതയിലും അനുരഞ്ജന ശ്രമങ്ങള്‍ നടന്നു. എങ്കിലും വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
ചടങ്ങിന് തങ്ങള്‍ക്കും ചെലവുണ്ടെന്നും അതിനാല്‍ സ്ത്രീധനം അടക്കം വധുവിന്റെ വീട്ടുകാര്‍ തന്ന സമ്മാനങ്ങള്‍ തിരികെ നല്‍കാനാവില്ലെന്ന് വരന്റെ ബന്ധുക്കളും നിലപാട് സ്വീകരിച്ചതോടെയാണ് സംഭവം പൊലീസ് സ്റ്റേഷനിലെത്തുന്നത്. വധുവിന്റെ ബന്ധുക്കള്‍ പൂട്ടിയിട്ട വരനെ പൊലീസുകാര്‍ സ്റ്റേഷനിലെത്തിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. ഇതില്‍ സമ്മാനങ്ങളും പണവും സ്വര്‍ണവും തിരികെ നല്‍കാമെന്ന് വരന്‍ സമ്മതിക്കുകയായിരുന്നു. പൊലീസുമായുള്ള ധാരണ അനുസരിച്ച് സമ്മാനങ്ങള്‍ തിരികെ നല്‍കിയതിന് പിന്നാലെയാണ് വരന്റെ വീട്ടുകാരെ വധുവിന്റെ ബന്ധുക്കള്‍ വിട്ടയച്ചത്.

Advertisement