ഇപ്പൊ ശര്യാക്കിത്തരാന്ന് പറഞ്ഞ് താക്കോൽ വാങ്ങി, ബീച്ചിലെത്തിയ കുടുംബത്തിന്റെ ഇന്നോവയുമായി യുവാവ് മുങ്ങി

Advertisement

ചെന്നൈ: ചെന്നൈ മറീന ബീച്ച് കാണാനെത്തിയ സഞ്ചാരികളുടെ കാർ പട്ടാപ്പകൽ മോഷ്ടിച്ചു. കോർപ്പറേഷൻ ജീവനക്കാരൻ എന്ന വ്യാജേന കാറിന്‍റെ താക്കോൽ വാങ്ങിയ ശേഷം മോഷ്ടാവ് കാറുമായി കടന്നുകളയുകയായിരുന്നു. കന്യാകുമാരിയിൽ നിന്നും ചെന്നൈയിലെത്തിയ കുടുംബത്തിൻ്റെ ഇന്നോവ കാറാണ് മറീന ബീച്ചിൽ വച്ച് മോഷ്ടിച്ചത്. കന്യാകുമാരി സ്വദേശിയായ സുമിത്ര തങ്കജ്യോതിയും കുടുംബവും സായാഹ്നം ചെലവിടാൻ കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് ബീച്ചിൽ എത്തിയത്.

പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തിയിറങ്ങിയ ഇവരെ സമീപിച്ച യുവാവ് ഇവിടെ പാർക്കിംഗിന് അനുമതിയില്ല എന്നറിയിച്ചു. കോർപ്പറേഷൻ ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തി വിശ്വാസം സമ്പാദിച്ചതിന് ശേഷം സഹായിക്കാനെന്ന ഭാവത്തിൽ ഡ്രൈവറിൽ നിന്ന് വാഹനത്തിന്‍റെ താക്കോൽ കൈക്കലാക്കുകയായിരുന്നു. പാർക്കിംഗ് കൂപ്പൺ നൽകി പാർക്കിംഗിനുള്ള പണവും ഇയാൾ കൈപ്പറ്റി. പാർക്കിംഗ് അനുമതിയുള്ളിടത്തേക്ക് വണ്ടി മാറ്റിയിടാനെന്ന പേരിൽ വാഹനവുമായി കടന്നുകളഞ്ഞു.

ഏറെ നേരം കഴിഞ്ഞും താക്കോൽ തിരികെ തരാൻ യുവാവ് വരാത്തതിനെ തുടർന്ന് ഡ്രൈവർ അന്വേഷിച്ചു ചെന്നു. എന്നാൽ കാറും കൊണ്ടുപോയ ആളും ബീച്ചിൽ എവിടെയും ഉണ്ടായിരുന്നില്ല. തുടർന്ന് കുടുംബം അണ്ണാ സ്ക്വയർ പൊലിസിൽ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement