വിഖ്യാത മൃദംഗ വിദ്വാൻ കാരൈക്കുടി മണി അന്തരിച്ചു

Advertisement

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി മണി (77) ചെന്നൈയിൽ അന്തരിച്ചു. 50 വർഷത്തോളമായി കർണാടക സംഗീത മേഖലയിൽ സ്ഥിരസാന്നിധ്യമായിരുന്നു.

മൃദംഗ വാദനത്തിന്റെ അനന്തസാധ്യതകളിലൂടെ ലോക പ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തിയ ഋഷിതുല്യനായ കലാകാരനാണ് കാരൈക്കുടി ആര്‍ മണി. മൃദംഗ വായനയില്‍ , കാരൈക്കുടി മണി ബാണി ( ശൈലി ) എന്നറിയപ്പെടുന്ന സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്തു .ലോകത്തിലാകമാനം ആയിരത്തിക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗ‍ുരുവാണ് മണി. ലയമണി ലയം എന്ന പേരില്‍ ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ഒരു സംഗീത മാഗസിന്റെ ചീഫ്‌ എഡിറ്ററാണ്‌. അവിവാഹിതനാണ്.

1945 സെപ്‌തംബര്‍ 11 ന്‌ കാരൈക്കുടിയില്‍ സംഗീതജ്ഞനായ ടി. രാമനാഥ അയ്യരുടേയും പട്ടമ്മാളിന്റെയും മകനായി ജനിച്ചു. അച്ഛന്‍ സംഗീതജ്ഞനായതു കൊണ്ട്‌ മണിയും രണ്ടു വയസുമുതല്‍ സംഗീതം പഠിച്ചു. ഒപ്പം തകിലും നാഗസ്വരവും പഠിച്ചു തുടങ്ങി. കാരൈക്കുടി ക്ഷേത്രത്തിലെ ഉല്‍സവങ്ങള്‍ക്കിടെ അച്ഛന്റെ തോളിലിരുന്ന്‌ താളം പിടിക്കുന്ന മണിയുടെ വാസന മൃദംഗത്തിലാണെന്ന്‌ അച്ഛന്‍ തിരിച്ചറിഞ്ഞു തുടര്‍ന്ന്‌ കാരൈക്കുടി രഘു അയ്യാങ്കാറിനു കീഴില്‍ മൃദംഗം പഠിച്ചു തുടങ്ങി. കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന്‌ മൃംദംഗം വായിച്ചാണ്‌ അരങ്ങേറ്റം. കോപ്പുടൈ അമ്മന്‍ കോവിലില്‍ പുതുക്കോട്ടൈ കൃഷ്‌ണമൂര്‍ത്തി അയ്യരുടെ വിണക്കച്ചേരിക്ക്‌ പക്കം വായിച്ച്‌ ശാസ്‌ത്രീയ സംഗീത രംഗത്തേക്ക്‌ കടക്കുമ്പോള്‍ മണിക്ക്‌ പ്രായം എട്ട്‌ വയസ്‌ മാത്രം. മൃദംഗത്തിലെ കുലപതിയായിരുന്ന പാലക്കാട്‌ മണി അയ്യരുടെ വായന മണിക്ക്‌ എന്നും പ്രചോദനമായിരുന്നു. ടി.ആര്‍. ഹരിഹര ശര്‍മ്മ,കെ എം വൈദ്യനാഥന്‍ എന്നിവരുടെ കീഴില്‍ മൃദംഗ പഠനം തുടര്‍ന്നു. പതിനഞ്ചാം വയസില്‍ ചെന്നൈയിലേക്ക്‌ താമസം മാറിയതോടെ മുതിര്‍ന്ന സംഗീതജ്ഞര്‍ക്ക്‌ മൃദംഗം വായിച്ചു തുടങ്ങി.

രാഷ്ട്രപതി ഡോ.രാധാകൃഷ്‌ണന്റെ പക്കല്‍ നിന്നും ദേശിയ പുരസ്‌കാരം നേടുമ്പോള്‍ കാരൈക്കുടി മണിക്ക്‌ പ്രായം പതിനെട്ട്‌ മാത്രമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1998 ല്‍ കാരൈക്കുടി മണിക്ക്‌ ലഭിച്ചു.

Advertisement