‘ലോകത്തിന്റെ കപ്പൽനിർമാണം ഇന്ത്യ ഏറ്റെടുക്കും’: മോർമുഗാവോ കമ്മിഷൻ ചെയ്ത് രാജ്നാഥ് സിങ്

Advertisement

മുംബൈ: ഭാവിയിൽ ലോകരാജ്യങ്ങളുടെ കപ്പൽനിർമാണം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ മുംബൈയിൽ കമ്മിഷൻ ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഇന്ത്യയിൽ നിർമിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളിൽ ഒന്നാണ് ഐഎൻഎസ് മോർമുഗാവോ. ഇത് ഇന്ത്യൻ നാവികശേഷിയിൽ ശ്രദ്ധേയമായ വളർച്ച കൊണ്ടുവരും. ലോകത്തിലെ ഏറ്റവും നൂതനമായ മിസൈൽവാഹിനികളിൽ ഒന്നായ ഐഎൻഎസ് മോർമുഗാവോയിലെ സംവിധാനങ്ങൾക്ക് ഇപ്പോഴത്തെ മാത്രമല്ല, ഭാവിയിലെ ആവശ്യങ്ങളും നിറവേറ്റാൻ കഴിയും. ഇതു നമ്മുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദന ശേഷിയുടെ ഉദാഹരണം കൂടിയാണ്. ഭാവിയിൽ ഇന്ത്യ ലോകത്തിന് വേണ്ടി കപ്പൽ നിർമാണം നടത്തും.’’– രാജ്നാഥ് സിങ് പറഞ്ഞു.

സേനാ പദ്ധതിയായ പ്രോജക്ട് 15ബിയുടെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണ് മോർമുഗാവോ. ആദ്യ കപ്പലായ ‘വിശാഖപട്ടണം’ 2021 ൽ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായ മറ്റു 2 യുദ്ധക്കപ്പലുകൾ 2025 ന് അകം കമ്മിഷൻ ചെയ്യും. സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണു കപ്പലുകൾ രൂപകൽപന ചെയ്തത്.

ഗോവയുടെ പടിഞ്ഞാറൻ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരമാണ് മോർമുഗാവോ. അത്യാധുനിക റഡാർ സംവിധാനങ്ങളുള്ള കപ്പലിന് ബറാക്, ബ്രഹ്മോസ് മിസൈലുകൾ വഹിക്കാം. 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുണ്ട്. മണിക്കൂറിൽ 56 കിലോമീറ്ററാണു പരമാവധി വേഗം. മോർമുഗാവോയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ 75 % ഇന്ത്യൻ നിർമിതമാണെന്നും കപ്പൽ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇത് ഊർജം പകരുമെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, നാവികസേന മേധാവി അഡ്മിറൽ ആർ.ഹരികുമാർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവരും കമ്മിഷനിങ് ചടങ്ങിൽ പങ്കെടുത്തു.

Advertisement