മാധ്യമങ്ങൾക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Advertisement

ന്യൂഡൽഹി: മാധ്യമങ്ങൾക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.

മോദി പ്രധാനമന്ത്രിയായതുകൊണ്ട് രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമാണ് ഗുണമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. വിലക്കയറ്റത്തിനെതിരെ ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച മെഹാംഗൈ പർ ഹല്ല ബോൾ റാലിയിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

വിലക്കയറ്റത്തിനെതിരെയാണ് രാംലീല മൈതാനത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഹല്ല ബോൾ റാലി നടത്തിയത്. നരേന്ദ്രമോദിയേയും കേന്ദ്രസർക്കാരിനേയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു.ബി ജെ പി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് ദേഷ്യവും വെറുപ്പും വർധിച്ചു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

മോദി സർക്കാരിന്റെ നയങ്ങൾ രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്നും അവരുടെ പിന്തുണയില്ലാതെ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും രാഹുൽ ആരോപിച്ചു. കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിൽ വൻ ജനക്കൂട്ടമാണ് കോൺഗ്രസ് റാലിയിൽ പങ്കെടുക്കുന്നത്. റോഡും വിമാനത്താവളങ്ങളും ഒന്നൊന്നായി പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികൾ വാങ്ങിക്കൂട്ടുകയാണ്. ഇവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നു. നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടടിക്കുന്നു. വെറുപ്പും വിദ്വേഷവും പടർത്തി ആളുകൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നു. പാകിസ്താനും ചൈനയും അതിന്റെ നേട്ടം കൊയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഭാഗത്ത് ജനങ്ങൾ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുമ്ബോൾ മറുഭാഗത്ത് അവരെ വിലക്കയറ്റം ദുരിതത്തിലാക്കുന്നു. കോൺഗ്രസ് രാജ്യം ഭരിക്കുന്ന കാലയളവിലൊന്നും ഇല്ലാത്ത പ്രയാസത്തിലാണ് സാധാരണ ജനങ്ങൾ. കർഷകരുടെ പ്രശ്‌നമായാലും അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്‌നമായാലും. രാജ്യം ഏറെ പ്രതിസന്ധി നേരിടുന്നുവെന്നും രാഹുൽ പറഞ്ഞു.ഈ മാസം ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയിലൂടെ തെരുവിലിറങ്ങാൻ ആളുകളോട് രാഹുൽ ആഹ്വാനം ചെയ്തുഅതേസമയം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രാഹുൽ എത്തണമെന്ന ആവശ്യവുമായി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. രാംലീല മൈതാനത്ത് കൂറ്റൻ ഫ്ളക്സുകളും പ്രവർത്തകർ ഉയർത്തി. എന്നാൽ രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നുവെന്ന റിപ്പോർട്ടുകൾ എഐസിസി നേതൃത്വം തള്ളിയിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധിയെന്നാണ് വിവരം.

Advertisement