കെഎസ്ആർടിസി ബസ്സിനുള്ളിൽ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമം; രണ്ട്‌ യുവാക്കളെ പെൺകുട്ടി തടഞ്ഞുവച്ച് പോലീസിന് കൈമാറി

Advertisement

ശാസ്താംകോട്ട : കെഎസ്ആർടിസി ബസ്സിനുള്ളിൽ അപമാനിക്കാൻ ശ്രമിച്ച രണ്ട്‌ യുവാക്കളെ വിദ്യാർത്ഥിനി തടഞ്ഞുവച്ച് പോലീസിന് കൈമാറി.ഇന്ന്(ബുധൻ) വൈകിട്ട് 6 ഓടെ ആയിരുന്നു സംഭവം.കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസിലാണ് അതിക്രമം നടന്നത്.

കരുനാഗപ്പള്ളി സ്റ്റാൻഡിൽ നിന്നും ബസ് പുറപ്പെട്ടപ്പോൾ മുതൽ മദ്യലഹരിയിലായിരുന്ന യുവാക്കൾ പെൺകുട്ടിക്കു നേരെ തിരിഞ്ഞു.ആംഗ്യഭാഷയിൽ അശ്ലീലം പറയുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്ത യുവാക്കളിൽ ഒരാൾ പെൺകുട്ടി എതിർത്തിട്ടും സീറ്റിൽ ബലമായി കയറിയിരുന്ന് ശല്യപ്പെടുത്തി.മറ്റൊരു യുവാവ് മൊബൈലിൽ ഫോട്ടോയും പകർത്തി.ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ മർദ്ദിക്കാനും ശ്രമിച്ചു.ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും പ്രതികരിക്കാനും തയ്യാറായില്ല.കുട്ടി പിതാവിനെ ഫോണിലൂടെ വിവരമറിയിച്ചു.കുട്ടിക്ക് ഇറങ്ങേണ്ടുന്ന ശാസ്താംകോട്ട
കോടതി മുക്കിൽ എത്തിയപ്പോൾ ഇവിടെ കാത്തു നിന്ന പിതാവ് ബസിൽ കയറി ശാസ്താംകോട്ട സ്റ്റേഷനിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടു.തുടർന്ന്
ജീവനക്കാർ പോലീസുമായി ബന്ധപ്പെടുകയും ഭരണിക്കാവിൽ
ഉള്ളതിനാൽ ബസ് അവിടേക്ക് എത്താനും പോലീസ് നിർദേശം നൽകി.പെൺകുട്ടിയും പിതാവും കൂടി ഇവരെ ബസിനുള്ളിൽ തടഞ്ഞുവച്ച് ഭരണിക്കാവിലെത്തിയപ്പോൾ കാത്തു നിന്ന പോലീസിന് കൈമാറുകയായിരുന്നു.
കുന്നത്തൂരിൽ കരാർ വർക്കിനെത്തിയ തൃശൂർ സ്വദേശികളാണ് യുവാക്കളെന്നാണ് വിവരം.

Advertisement