ഇടയ്ക്കാട് ദേവഗിരിയിൽ രാത്രിയിൽ
റോഡിനു കുറുകെ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറിയ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Advertisement

പോരുവഴി : ഇടയ്ക്കാട് ദേവഗിരി കാഷ്യു ഫാക്ടറിക്ക് സമീപം റോഡിനു കുറുകെ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറിയ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.ഇടയ്ക്കാട് ചാലുംപാട് ബ്രദേഴ്സ് ഭവനത്തിൽ സുധീഷ് കുമാർ (35) ആണ് പരിക്കേറ്റത്.അടൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.ശക്തമായി മഴ പെയ്തു കൊണ്ടിരിക്കുമ്പോൾ ബുധനാഴ്ച രാത്രി 7ഓടെ ആയിരുന്നു അപകടം. മഴയെ തുടർന്ന് വൈദ്യുതി നിലച്ചിരുന്നതിനാൽ ഈ ഭാഗത്ത് ഇരുട്ട് മൂടിയിരുന്നു.

ദേവഗിരി ഫാക്ടറിക്ക് സമീപം വീതിയില്ലാത്ത ഭാഗത്ത്
റോഡിനു കുറുകെ നിർത്തിയിട്ട് വീട് നിർമ്മാണത്തിന് സാധനങ്ങൾ ഇറക്കുകയായിരുന്നു ടിപ്പർ ലോറി.റിഫ്ലക്ടർ അടക്കമുള്ള അപകട സൂചനാ മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ല.ഈ സമയം വെൽഡിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന സുധീഷ് കുമാർ റോഡിൽ ലോറി കിടക്കുന്നതറിയാതെ അടിയിലേക്ക്
ബൈക്ക് ഓടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ലോറിയുടെ ഡീസൽ ടാങ്കും തകർന്നു.ഉടൻ തന്നെ ഇതുവഴിയെത്തിയ കാറിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കയറ്റാൻ കാർ ഡ്രൈവർ വിസമ്മതിച്ചതും വിനയായി.ടിപ്പർ ലോറി ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement