സ്കൂളിൽ പടിയില്‍ വീണ വിദ്യാർത്ഥിനിയുടെ വലതു കണ്ണിൽ കമ്പി തറച്ചു പരുക്ക്

Advertisement

ശാസ്താംകോട്ട : സ്കൂളിലെ പടിയില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ വലതു കണ്ണിന് ഗുരുതര പരിക്കേറ്റതായി പരാതി.ഭരണിക്കാവ് ജെ.എം ഹൈസ്കൂൾ വിദ്യാർത്ഥിനി ശാസ്താംകോട്ട മനക്കര ജീൻ ഹൗസിൽ ജിൻ – ന്റെ മകൾ അൻഡ്രിയാ ജിനാണ് പരിക്കേറ്റത്.കഴിഞ്ഞ 25 ന് പകൽ 12.30 ഓടെ ആയിരുന്നു അപകടം.

അധ്യാപകൻ പറഞ്ഞതിനെ തുടർന്ന് സ്കൂൾ മുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടികൾ ക്ലാസ് മുറികളിലേക്ക് പോകാൻ പടവുകൾ കയറവേ കൂട്ടത്തോടെ ഓടിയെത്തിയ കുട്ടികൾ തള്ളിയതിനെ തുടർന്ന് അൻഡ്രിയാ വശത്തേക്ക് മറിഞ്ഞു വീണു.പടിയുടെ വശത്ത് പിടിച്ചുകയറുന്നതിനായി നിർമ്മിച്ചു വച്ചിരുന്ന കമ്പികൊണ്ടുള്ള കൈവരിയുടെ അറ്റത്തേക്കാണ് കുട്ടി വീണത്.

അപകടം നടന്ന സ്ഥലം

ഇതിന്‍റെ അറ്റം വലതു കണ്ണിൽ കുത്തി കയറുകയും ചെയ്തു. ഉടൻ തന്നെ ഭരണിക്കാവിലും പിന്നീട് തിരുവല്ലയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കൃഷ്ണമണി,
കോർണിയ,ലെൻസ് തുടങ്ങിയ കണ്ണിന്റെ ഭാഗങ്ങൾക്ക് ഗുരുതര പരിക്കേറ്റു.ഇതിനോടകം നിരവധി
ശസ്ത്രക്രിയകളും നടത്തി.ചെറിയ കുട്ടികളടക്കം പഠിക്കുന്ന സ്കൂളിൽ അധികൃതർ അശ്രദ്ധമായി നടത്തിയ നിർമ്മാണ പ്രവർത്തനമാണ് അപകടത്തിന് കാരണമെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അൻഡ്രിയയുടെ പിതാവ് സ്കൂൾ അധികൃതര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസില്‍ പരാതി നൽകി. നിയമ നടപടികളിലേക്ക് നീങ്ങാനാണ് പിതാവിന്‍റെ തീരുമാനം. എന്നാല്‍ നിര്‍മ്മാണത്തില്‍ അപാകതയില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. കൂര്‍ത്ത കമ്പിയായിരുന്നില്ല ഇടിച്ചത്. കുട്ടിക്ക് മികച്ച ചികില്‍സ സ്കൂളില്‍നിന്നും ലഭ്യമാക്കിയിട്ടുണ്ട്.

Advertisement