പക്ഷികളുടെ ദാഹമകറ്റാൻ തണ്ണീർകുടം പദ്ധതി ഏഴാം വർഷത്തിലേക്ക്

സുമൻജിത്ത്മിഷ്യ്ക്ക് ഇത് കർമ്മസാഫല്യം

കൊല്ലം : കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിനു വേണ്ടിയുള്ള തണ്ണീർകുടം പദ്ധതി ഇത്തവണയും ജില്ലയിൽ നടപ്പിലാക്കും.

രാജ്യാന്തര കുരുവി ദിനത്തിന്റെ ഭാഗമായി മാർച്ച് 20 ന് ആരംഭിക്കുന്ന പദ്ധതി ജലദിനമായ മാർച്ച്‌ 22 വരെ നീണ്ടുനിൽക്കും.
സംസ്ഥാനത്തുടനീളം 5000 മൺപാത്രങ്ങൾ പക്ഷികൾക്ക് വെള്ളം കുടിക്കാനായി സ്ഥാപിക്കുന്നതാണ് പദ്ധതി. കഴിയുന്നതും പൊതുസ്ഥലങ്ങളിൽ ആകും ഇവ സ്ഥാപിക്കുക. അനുദിനം ചൂട് കൂടി വരുന്നതോടെ പക്ഷികൾക്കും മറ്റും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ മരിക്കുന്നതിന്റെ എണ്ണം കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത് എന്ന് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ പറഞ്ഞു. മുൻവർഷങ്ങളിലും പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിലും കുറച്ചുകൂടി വലിയ തോതിൽ ഈ വർഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആലുവ സ്വദേശിയും എഴുത്തുകാരനുമായ ശ്രീമൻ നാരായണനാണ് പദ്ധതിയുടെ സ്പോൺസർ.

50 രൂപ വീതം വിലവരുന്ന പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത 5000 മൺപാത്രങ്ങളാണ് സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നത്. കൊല്ലം ജില്ലയിലേക്കായി 1000 മൺപാത്രങ്ങൾ എത്തിച്ചിട്ടുണ്ട്.

ആവശ്യക്കാർക്ക് കരുനാഗപ്പള്ളിയിലെ സബർമതി ഗ്രന്ഥശാലയിൽ എത്തിയാൽ ഇവിടെ നിന്നും പാത്രങ്ങൾ കൈപ്പറ്റാം. കുടിവെള്ളം മാത്രമല്ല, ആഹാരം കൂടി മിണ്ടാപ്രാണികൾക്ക് ഒരുക്കി നൽകാൻ എല്ലാവരും ശ്രമിക്കണമെന്ന് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം 20 ന് രാവിലെ 08 ന് കരുനാഗപ്പള്ളിയിൽ സി. ആർ. മഹേഷ്‌ എം. എൽ. എ ഉദ്‌ഘാടനം ചെയ്യും.വിശദവിവരങ്ങൾക്ക് 9847530274

Advertisement