മലനടയില്‍ മാലപൊട്ടിച്ച് മുങ്ങി ചിറ്റുമലയില്‍ പൊങ്ങി ,പക്ഷേ പൊലീസ് പൊക്കി

ശാസ്താംകോട്ട . ഉല്‍സവ കാലത്ത് വന്‍കൊയ്ത്തിനിറങ്ങിയ മാല കവര്‍ച്ചാ സംഘം പിടിയില്‍. പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്നതിനിടെ 4 സ്ത്രീകളുടെ മാല കവർന്ന കേസിലെ പ്രതികളാണ് ചിറ്റുമല ക്ഷേത്രത്തിനു സമീപത്തെ മോഷണശ്രമത്തിനിടെ പൊലീസ് പിടിയിലായത്. കോയമ്പത്തൂർ ചെട്ടിപ്പാളയം സ്വദേശികളായ ശാന്തി (38), ഗായത്രി (24), സമൂഹവ ല്ലി (45), എന്നിവരെയാണ് ചിറ്റുമല ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്ന സ്‌ഥലത്ത് നിന്നു രാവിലെ പിടികൂടിയത്. 15നു രാവിലെ 7നു ചക്കുവെള്ളം വിതരണ സ്റ്റാളിനു സമീപത്തെ തിരക്കിലാണ് ഇവര്‍ മാല കവര്‍ന്നത്. കൈയില്‍ തുണി മറച്ചാണ് കൃത്യം നടത്തുന്നത്. മലനടയില്‍10 പവനോളം സ്വർണം നഷ്‌ടമായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടെ രാവിലെ ചിറ്റുമല ക്ഷേത്രപരിസരത്ത് ഇവരെ കണ്ട് സംശയം തോന്നിയ കിഴക്കേ കല്ലട പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ശുരനാട് പൊലീസിനു കൈമാറുകയായിരുന്നു. അറസ്‌റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ തിരുട്ടുസംഘക്കാരായ ഇവര്‍ ഓരോവര്‍ഷവും ലക്ഷങ്ങളുടെ സ്വര്‍ണമാണ് ഉല്‍സവ സീസണില്‍ നാട്ടിലെത്തിക്കുന്നത്. ജാമ്യത്തിലിറങ്ങി ഉടന്‍ അടുത്ത ഉല്‍സവസ്ഥലത്തേക്ക് തിരിക്കുന്ന ഇവര്‍ക്കായി വലിയ സഹായസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisement