ശാസ്താംകോട്ടയുടെ പ്രിയപ്പെട്ട നായ സൂസിക്ക് കണ്ണീരോടെ വിട

Advertisement

ശാസ്താംകോട്ട: ഒരു നായ ഒരു നാടിന് എത്രത്തോളം പ്രിയപ്പെട്ടതാകുമെന്നതിന് ഉദാഹരണമായിരുന്നു പത്ത് വയസുകാരി സൂസിയുടെ വേർപാടിൽ ശാസ്താംകോട്ട കണ്ണീരണിഞ്ഞ കാഴ്ച.ശാസ്താംകോട്ട
ജെമിനി ഹൈറ്റ്സ് ധന്യ സൂപ്പർ മാർക്കറ്റിന്റെ മുൻപിൽ എല്ലാവരുടെയും പ്രിയപ്പെട്ട സുഹൃത്തായിരുന്ന സൂസിയുടെ വിയോഗം ഇന്ന് (ശനി) രാവിലെയാണ് സംഭവിച്ചത്.ഒരാഴ്ചയായി അവശനിലയിലായിരുന്നു.
മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല.ഇന്ന് രാവിലെ വീണ്ടും ആശുപത്രിയിൽ എത്തിച്ച് ഡ്രിപ്പ് നൽകി മടങ്ങിയെത്തിയ ശേഷമാണ് മരണം സംഭവിച്ചത്.ജെമിനി ഹൈറ്റ്സിന് മുൻപിൽ പൊതുദർശനത്തിന് വച്ചപ്പോൾ നിരവധി പേരാണ് അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട സൂസിയെ കാണാനെത്തിയത്.പിന്നീട് മറവ് ചെയ്തു.

കഴുത്തിൽ ബെൽറ്റുമണിഞ്ഞ് കുണുങ്ങി വരുന്ന സൂസി ഇനി ഓർമ്മ മാത്രം.അവസാനം അവളെ കാണുവാൻ എത്തിയ പലരും കണ്ണുനിറഞ്ഞാണ് ഓർമ്മകൾ പങ്കുവച്ചത്.ഏകദേശം പത്ത് വർഷം മുമ്പാണ് സൂസി എന്ന കുഞ്ഞു നായ ശാസ്താംകോട്ടയിൽ എത്തിയത്.ചുരുങ്ങിയ നാളുകൾക്കുള്ളിൽ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള എല്ലാവരുടെയും പ്രിയങ്കരിയായി അവൾ മാറി.ബിസ്‌ക്കറ്റും,മിട്ടായിയും അങ്ങനെ കഴിക്കുന്നതെന്തും അവൾക്ക് വാങ്ങി നൽകിയിരുന്നു.കുട്ടി പ്രായത്തിൽ ഇവിടെ നിന്നും സൂസിയെ വാഹനത്തിൽ കടത്തിക്കൊണ്ട് പോകാനും ശ്രമം നടന്നിരുന്നു.അവളുടെ ആരാധകരായ യുവാക്കളുടെ സമയോചിതമായ ഇടപെടലാണ് സൂസിയെ തിരിച്ചു കിട്ടാനിടയാക്കിയത്.പിന്നീടാണ് സൂസിയുടെ കഴുത്തിൽ ബെൽറ്റ് ചാർത്തിയത്.ജെമ്നിയിൽ തന്നെ സൂസിക്ക് തല ചായ്ക്കാൻ ഒരിടവും കിട്ടി.മൃഗസ്നേഹികളായ ബാബുജാൻ,കിഷോർ ബൈജു എന്നിവർ ചേർന്നാണ്
രോഗാവസ്ഥയിൽ സൂസിയെ മൃഗാശുപത്രിയിൽ എത്തിച്ചത്.തിരികെ കൊണ്ടു വന്ന്
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും സൂസി കിടന്നിടത്തു നിന്ന് തലയുയർത്തി എല്ലാവരെയും നോക്കി പതുക്കെ മരണത്തിലേക്ക് തലതാഴ്ത്തിയെന്ന് അവർ പറഞ്ഞു.വേദന നിറഞ്ഞ മനസ്സുമായി സജികുമാർ,അരുൺ,രാഹുൽ,സുനിൽ,ഉണ്ണിക്കുട്ടൻ,റിജോ,രാജേഷ് എന്നിവർ ചേർന്ന് സൂസിക്ക് അന്ത്യ കർമ്മങ്ങൾ ചെയ്തു.

Advertisement