ഇരട്ടവേഷം കെട്ടുന്നവരെ തിരിച്ചറിയണം’

Advertisement

ശൂരനാട്.ഒരേ സമയം പൊതുവിദ്യാലയങ്ങളുടെ വക്താക്കളും സ്വാശ്രയ വിദ്യാലയങ്ങളുടെ പ്രയോക്താക്കളുമായി ഇരട്ടവേഷം കെട്ടുന്നവരെ തിരിച്ചറിയണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു. ശൂരനാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയും പി ടി എ തെരഞ്ഞെടുപ്പിലെ അഴിമതിക്കെതിരെയും സ്കൂളിലെ രാഷ്ട്രീയവൽക്കരണത്തിനെതിരെയും രക്ഷാകർത്താക്കളും പൊതുജനങ്ങളും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ മേഖലയുടെ സംരക്ഷകർ തങ്ങൾ മാത്രമാണെന്ന് അവകാശപ്പെടുകയും തങ്ങളുടെ കുട്ടികളെ സ്വാശ്രയ വിദ്യാലയങ്ങളിൽ അയയ്ക്കുകയും ചെയ്യുന്നവരുടെ ഉദ്ദേശ്യം ശുദ്ധമല്ല. ഇവർക്ക് പൊതുവിദ്യാലയങ്ങളോടുള്ള സ്നേഹം കേവലം കാര്യസാധ്യത്തിന് വേണ്ടിയുള്ളതാണ്. സ്വന്തം മക്കളെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയും പിൻ വാതിലിൽകൂടി സർക്കാർ സ്കൂളിൻ്റെ പി ടി എ യിൽ കയറിക്കൂടുകയും ചെയ്തവരുടെ ലക്ഷ്യം അഴിമതിയാണ്. പാവപ്പെട്ടവരുടെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിൻ്റെ അക്കാദമിക നിലവാരത്തിൽ ഇക്കൂട്ടർക്ക് തീരെ വിശ്വാസമില്ല. അത്തരക്കാരെ പി ടി എ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്ന് അകറ്റി നിർത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.

രക്ഷാകർതൃപ്രതിനിധി അഡ്വക്കേറ്റ് D.പ്രദീപ് കുമാർ അധ്യക്ഷനായി. ബി ആർ ശശി സ്വാഗതവും രക്ഷാകർത്താവ് കെ മധു നന്ദിയും പറഞ്ഞു. പൊതുപ്രവർത്തകരായ ശ്യാം പ്രകാശ്, മനു മോഹൻ, ചന്ദ്രശേഖരൻ, രക്ഷാകർത്താക്കളായ സോജ, മേരി, പ്രീത, ശ്രീകല, ബീന, ബിജു, രഞ്ജിത്ത്, ശുശാന്തി, ഷീജ, സുമ എന്നിവർ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി..

Advertisement