കഴിഞ്ഞവര്‍ഷത്തെ അതേ പോലെ ശാസ്താംകോട്ട ഉല്‍സവത്തിന് ജനത്തെ വലയ്ക്കുന്ന ട്രാഫിക് പരിഷ്‌കാരവുമായി പൊലീസ്

Advertisement

ശാസ്താംകോട്ട. വീണ്ടും കഴിഞ്ഞവര്‍ഷത്തെ അതേ പോലെ ജനോപകാരപ്രദമല്ലാത്ത ട്രാഫിക് പരിഷ്‌കാരവുമായി പൊലീസ്, ഉല്‍സവമേഖല അപകട രഹിതമാക്കണമെന്ന ലക്ഷ്യവുമായാണ് ആഞ്ഞിലിമൂടുമുതല്‍ ഭരണിക്കാവ് വരെ വാഹന ഗതാഗതം നിയന്ത്രിക്കുന്നത്. എന്നാല്‍ ഇതോടെ അകലെനിന്നും ഉല്‍സവം കാണാനെത്തുന്നവര്‍ വാഹനം പാര്‍ക്കു ചെയ്യാനും യാത്രക്കും ബുദ്ധിമുട്ടുന്ന നിലയാണ്. നിലവില്‍ പകല്‍ രണ്ടുമുതല്‍ രാത്രി പത്തുവരെ ശാസ്താംകോട്ട-ഭരണിക്കാവ് പ്രധാനപാതയില്‍ വാഹനഗതാഗതമില്ല. നാല് ആശുപത്രികളുള്ള മേഖലയാണിത്.

ആഞ്ഞിലിമൂട്ടില്‍ വലിയ വാഹനങ്ങള്‍ ബ്‌ളോക്കു ചെയ്യുകയും കാര്‍ ഇരുചക്രവാഹനങ്ങള്‍ എന്നിവ രാജഗിരി റോഡ് ഭാഗം വരെ അനുവദിക്കുകയും അവിടെ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്താല്‍ ജനത്തിന് വിശാലമായ റോഡിന്റെ ഇരുവശത്തും വാഹനം പാര്‍ക്ക് ചെയ്ത് ഉല്‍സവ മേഖലയിലേക്ക് കടക്കാം. എന്നാല്‍ ആഞ്ഞിലിമൂടിനും രാജഗിരിക്കും ഇടയില്‍ കെട്ടുകാഴ്ച വരുന്ന കുറച്ചുനേരം വാഹന ഗതാഗതം പാടേ നിര്‍ത്തിവയ്ക്കാവുന്നതുമാണ്. ഇതുപോലെതന്നെയാണ് കെട്ടുകാഴ്ചവരുന്ന അല്‍പനേരമൊഴിച്ച് ഭരണിക്കാവ് ശാസ്താംകോട്ട പ്രധാനപാതയിലും ഗതാഗതം അനുവദിച്ച് പാര്‍ക്കിംങ് അനുവദിക്കാവുന്നതാണ്. പഴയ പൊലീസ് സ്റ്റേഷനു സമീപം(നിലവിലെ ഫയര്‍ സ്റ്റേഷന്‍) വരെ എങ്കിലും ഇത്തരത്തില്‍ ചെറുവാഹനങ്ങള്‍ അനുവദിക്കണം. രണ്ടു കിലോമീറ്ററെങ്കിലും നടന്നാലേ ഉല്‍സവം കാണാനാവൂ എന്ന നിലയാണ് രണ്ടു വര്‍ഷമായി പൊലീസ് നടപ്പാക്കുന്ന പരിഷ്‌കാരം. മേഖലയിലെ താമസക്കാരും വലിയ കെണിയിലാണ് ഉല്‍സവ ദിവസം പെടുന്നത്. കഴിഞ്ഞവര്‍ഷം ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും ഇത് പതിവ് പരിഷ്കാരമാക്കിമാറ്റുകയാണ് അധികൃതര്‍.

Advertisement