അയല്‍വാസിയെ ആക്രമിച്ച യുവാവ് പിടിയില്‍

Advertisement

കൊല്ലം: അയല്‍വാസിയെ ആക്രമിച്ച യുവാവ് പോലീസ് പിടിയിലായി. തേവലക്കര പാലക്കല്‍ കുന്നേല്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ മഹീന്‍ (34) ആണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവാഴ്ച രാത്രി 8ന് കടപ്പായി മുക്കില്‍ വെച്ച് അയല്‍വാസിയായ അബ്ദുള്‍ സിദ്ദിഖിനെ സൈക്കിളില്‍ വന്ന പ്രതി മുന്‍വിരോധത്തില്‍ ചീത്ത വിളിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത സിദ്ദിഖിനെ പ്രതി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വീശുകയും കഴുത്തിന് മുറിവേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് അബ്ദുള്‍ സിദ്ദിഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടി. ചവറ തെക്കുംഭാഗം സബ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ പ്രസന്നന്‍, സിപിഒ വിനീഷ്് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement