സലിം മണ്ണേൽ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: വിവാഹ മധ്യസ്ഥ ചര്‍ച്ചക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജമാ അത്ത് പ്രസിഡന്റുമായ സലിം മണ്ണേൽ കൊല്ലപ്പെടാനിടയായ കേസിലെ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട, എത്തിരത്തില്‍ തെക്കതില്‍ പള്ളിശേരിക്കല്‍ ഫൈസല്‍ (35), ഇയാളുടെ സഹോദരന്‍ മുസ്സമ്മല്‍ (25), തേവലക്കര, പാലക്കല്‍ മുഹമ്മദ് ഷാ (27), വൈ.കെ ഫാത്തിമ ഹൗസില്‍ യൂസഫ് (58) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പാലോലി കുളങ്ങരയിലുള്ള ജമായത്ത് ഓഫീസില്‍ വെച്ച് വിവാഹ മധ്യസ്ഥ ചര്‍ച്ച നടക്കുമ്പോള്‍ ഉണ്ടായ തര്‍ക്കത്തില്‍ ജമാഅത്ത് സെക്രട്ടറിയെ പതിനഞ്ചോളം വരുന്ന പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന സലീം മണ്ണേലിനെ സംഘത്തിലുള്ളയൊരാള്‍ ചവിട്ടി താഴെയിടുകയും തറയില്‍ വീണ സലീം മണ്ണേലിനെ പ്രതികള്‍ കൂട്ടം കൂടി മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്ക് പറ്റിയ ഇദ്ദേഹത്തെ കരുനാഗപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെടുകയുണ്ടായി.
കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷത്തിലുണ്ടായിരുന്ന മുഖ്യപ്രതികളായ മൂഹമ്മദ് ഷായെയും യൂസഫിനെയും പോലീസ് സംഘം ഉടനടി പിടികൂടിയിരുന്നു. ഒളിവില്‍ പോയ ഫൈസല്‍, മുസ്സമല്‍ എന്നിവരെ പാലക്കാട് നിന്നുമാണ് പോലീസ് പിടികൂടിയത്. സംഘര്‍ഷ ത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു വരുകയാണ്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷിഹാസ്, ഷാജിമോന്‍, എഎസ്‌ഐ വേണുഗോപാല്‍, എസ്‌സിപിഒ ഹാഷിം, ബഷീര്‍ഖാന്‍, ഡാന്‍സാഫ് ടീംഅംഗമായ എസ്‌ഐ കണ്ണന്‍, എഎസ്‌ഐ ബൈജു തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.

Advertisement