അന്ത്യനിമിഷങ്ങളിലും നാടിന്‍റെ പ്രശ്നപരിഹാരത്തിന് ചിലവിട്ട സലിം മണ്ണേലിന് നാടിൻ്റെ യാത്രാമൊഴി

Advertisement


കരുനാഗപ്പള്ളി . ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങളിലും പൊതുപ്രവര്‍ത്തന രംഗത്ത്. നാടിന്‍റെ പ്രിയപ്പെട്ട സലിം തന്‍റെ ജീവിതത്തിലെ അവസാന നിമിഷങ്ങളും നാട്ടിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ചിലവിടുകയായിരുന്നു. വിവാഹ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുന്നതിനിടയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് കഴിഞ്ഞ ദിവസം മരണപ്പട്ട തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സലിം മണ്ണേലിന് നാടിൻ്റെ യാത്രാമൊഴി. ശനിയാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം തൊടിയൂർ, മാമൂട് ജംഗ്ഷനിൽ നിന്നും വൈകിട്ട് നാലുമണിയോടെ നൂറുകണക്കിന് വാഹനങ്ങൾ ഉൾപ്പടെ അണിനിരന്ന വിലാപ യാത്രയോടെ പൊതു ദർശനത്തിനായി തൊടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിച്ചു. മൃതദേഹം എത്തുന്നതും കാത്ത് പഞ്ചായത്ത് ഓഫീസും പരിസരവും മണിക്കൂറുകൾക്കു മുമ്പ് തന്നെ ജനങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ഇവിടെ തടിച്ചുകൂടിയ ആയിരങ്ങൾ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു.

തുടർന്ന് ഇടക്കുളങ്ങരയിലെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് തടിച്ചു കൂടിയത്. തുടർന്ന് വീടിനു സമീപത്തെ പാലോലിക്കുളങ്ങര ജമാഅത്ത് കബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. സംസ്കാരത്തിനുശേഷം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗവും ചേർന്നു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, എ എം ആരിഫ് എം പി ,സി ആർ മഹേഷ് എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സോമപ്രസാദ്, സൂസൻകോടി, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, ഇ ഷാനവാസ് ഖാൻ, സി രാധാമണി, പിആർ വസന്തൻ, പി കെ ബാലചന്ദ്രൻ, പി കെ ജയപ്രകാശ്, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വസന്ത രമേശ്, അനിൽ എസ്. കല്ലേലിഭാഗം, ടി രാജീവ്, സിപിഐ മണ്ഡലം സെക്രട്ടറി ഐ ഷിഹാബ്, ശശിധരൻ പിള്ള ,ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ, കെ ജി രവി, അഡ്വ കെ എ ജവാദ് തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

Advertisement