ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി
കൊല്ലം .ബാര്‍ മാനേജരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പോലീസ് പിടിയിലായി. ചെമ്മക്കാട്, ചാറ്കാട് മൂലവിളവീട്ടില്‍ പ്രജീഷ് (42) ആണ് അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം 24 ന് രാത്രി ഒന്‍പത് മണിയോട് കൂടി അഞ്ചാലുമൂട്ടിലെ ബാറില്‍ മദ്യപിക്കാനെത്തിയ സംഘം ബാറിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് ബാര്‍ മാനേജരായ ഷിജു പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഈ വിരോധത്തില്‍ വീട്ടില്‍ നിന്നും ബാറിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന ഷിബുവിനെ പ്രതികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഷിബുവിനെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ട് ബാര്‍ ജീവനക്കാരാണ് ഇവരെ തടഞ്ഞത്. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് ഏഴ് പ്രതികളെ അഞ്ചാലുമൂട് പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഒളിവില്‍ കഴിഞ്ഞുവന്ന പ്രജീഷിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കായുള്ള അന്വേഷണം നടന്ന് വരവെ കഴിഞ്ഞ ദിവസം പ്രതി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. അഞ്ചാലുമൂട് പോലീസ് ഇന്‍സ്പെക്ടര്‍ ധര്‍മ്മജിത്തിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Advertisement