കോളേജ് വിദ്യാർത്ഥിനിയെ അജ്ഞാതൻ ആക്രമിച്ച സംഭവം:പരാതി നൽകാൻ മടിച്ച് വിദ്യാർത്ഥിനിയും കുടുംബവും;വിദ്യാർത്ഥിനിയുടെ മൊഴിയെടുക്കുമെന്ന് പോലീസ്

Advertisement

ശാസ്താംകോട്ട : കോളേജിൽ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ ബൈക്കിൽ എത്തിയ അജ്ഞാതൻ ആക്രമിച്ച സംഭവത്തിൽ പെൺകുട്ടിയോ വീട്ടുകാരോ രേഖാമൂലം പരാതി നൽകാത്തതിനാൽ പോലീസ് കേസ്സ് എടുത്തിട്ടില്ലെന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ ശ്രീജിത്ത് അറിയിച്ചു.പരാതി നൽകണമെന്ന് പെൺകുട്ടിയുടെ വീട്ടുകാരോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.പരാതി ലഭിച്ചില്ലെങ്കിലും അടുത്ത ദിവസം തന്നെ വീട്ടിലെത്തി വിദ്യാർത്ഥിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുമെന്നും ആക്രമണം നടന്ന ഭാഗത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ നിന്നും പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കുമെന്നും എസ്.എച്ച്.ഒ പറഞ്ഞു.

ശാസ്താംകോട്ട ഡി.ബി കോളജിലെ ഡിഗ്രി വിദ്യാർഥിനിക്ക് നേരെ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മാമ്പുഴ ജംഗ്ഷനിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.എതിരെ ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ച് എത്തിയ അജ്‌ഞാതൻ കടന്നു പിടിക്കുകയും തള്ളി താഴെയിട്ട ശേഷം വയറിനും മറ്റും ചവിട്ടുകയുമായിരുന്നു.നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലാണ് അക്രമി എത്തിയത്.

Advertisement