ഈവി അവാര്‍ഡുതുക ദുരിതാശ്വാസത്തിന് അടപ്പിച്ച നായനാര്‍

Advertisement

ജി.നകുലകുമാര്‍

പിറവി എന്ന സംഘടന രൂപം കൊള്ളുന്നത് 1996 ൽ ആണ്. അത് രജിസ്റ്റർ ചെയ്തത് 1998 ൽ ആണ് . പിറവി സമൂഹത്തിൽ എന്തെങ്കിലും വ്യത്യസ്തമായ ഒരു പ്രവർത്തനം ഏറ്റെടുക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഈവി.യെ ജന്മനാട് അവഗണിക്കാൻ പാടില്ല. ഈ വിയുടെ പേരിൽ ഒരു അവാർഡ് സാഹിത്യ മേഖലയിൽ സംഭാവന ചെയ്തിട്ടുള്ളവർക്ക് കൊടുക്കാൻ ഞങ്ങൾ തീരുമാനിക്കുന്നത് അങ്ങനെയാണ്.ഒരു ഹാസസാഹിത്യകാരൻ എന്ന നിലയിൽ ഇ.വി.യുടെ പേരിലുള്ള അവാർഡ് ആദ്യം ഹാസ്യസാഹിത്യത്തിനായി ഏർപ്പെടുത്തി. സാഹിത്യത്തിൻ്റെ സമസ്ത മേഖലകളിലും പ്രതിഭ തെളിയിച്ച ഈ.വി.യുടെ പേരിലുള്ള പുരസ്കാരം ഹാസ സാഹിത്യത്തിനു മാത്രമായി ചുരുക്കുന്നത് ശരിയല്ലെന്ന് തോന്നി. അങ്ങനെയാണ് അവാർഡിൻ്റെ ഘടന തന്നെ മാറ്റുന്നതും അത് ഇന്നത്തെ രൂപത്തിലാകുന്നതും.
പിറവി എന്ന സാംസ്ക്കാരിക സമിതിയും ഈ.വി.കൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം എന്താണ് . അദ്ദേഹം ജനിച്ചത് കുന്നത്തൂരിൽ നെടിയവിള ക്ഷേത്രത്തിന് കിഴക്ക് വശത്തുള്ള ഇഞ്ചക്കാട്ട് വീട്ടിൽ ആണ്. പഠിച്ചതും വളർന്നതും അടൂർ പെരിങ്ങനാട്ടിലും . മലയാള സാഹിത്യത്തിന്റെ സമസ്ത മേഖലയിലും കൈയൊപ്പ് ചാർത്തിയ അദ്ദേഹത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

പുസ്തകങ്ങളിൽ വായിച്ചും അറിഞ്ഞും കണ്ടിട്ടുള്ള സാഹിത്യകാരന്മാരെ ഈ മണ്ണിൽ എത്തിക്കാൻ ഈ.വി. എന്ന രണ്ടക്ഷരം ഇടയായി. അത് ഞങ്ങളുടെ സാംസ്ക്കാരിക സാഹിത്യ മേഖലയ്ക്ക് മുതൽ കൂട്ട് ആയി. ഇനി ഞാൻ എന്റെ ചില അനുഭവങ്ങൾ പങ്ക് വെയ്ക്കാൻ ആഗ്രഹിക്കുന്നു.
പ്രഥമ ഈ വി.കൃഷ്ണപി ള്ള സ്മാരക സാഹിത്യ അവാർഡ് 1998 ൽ അന്നത്തെ കേരളത്തിന്റെ ചീഫ് സെക്രട്ടറി ആയിരുന്ന ഐ. ഏ എസ് ഉദ്യോഗസ്ഥൻ സി.പി.നായർ സാറിനായിരുന്നു
അവാർഡ് സമിതി കൂടി ഹാസ്യസാഹിത്യകാരൻ കൂടിയായ സി.പി.നായരെ തെരഞ്ഞെടുത്തു. ഈ വിവരം ഞാൻ സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ അറിയിച്ചു. ഗവമെന്റിന്റെ അനുവാദം ഇല്ലാതെ അവാർഡ് സ്വീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങിയ ശേഷമേ പത്രസമ്മേളനം നടത്താവു എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ക്യാബിനറ്റ് ദിവസം രാവിലെ 8 മണിക്ക് എന്നോട് വരാൻ പറഞ്ഞു. അന്നേ ദിവസം രാവിലെ 7.30. ന് ഞാൻ സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തി. അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് മുഖ്യമന്ത്രി എത്തിയിട്ടുണ്ടോ എന്ന് തിരക്കി. മുഖ്യമന്ത്രി 7 മണിക്ക് തന്നെ എത്തിയെന്ന വിവരം ലഭിച്ചു. അങ്ങനെ മുഖ്യമന്ത്രിയെക്കാണാൻ അദ്ദേഹം എന്നെയും കൂട്ടി പോയി. അന്നത്തെ മുഖ്യമന്ത്രി സാക്ഷാൽ ഈ.കെ.നായനാർ . ഒരു ചിരിയോടു കൂടി അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. കാര്യം സി.പി. സാർ അവതരിപ്പിച്ചു.സ്വതസിദ്ധമായ നിറഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞു: “അവാർഡ് താൻ വാങ്ങിക്കോ. അവാർഡ് തുക എനിക്ക് തരണം.” ഞാൻ അന്തം വിട്ടു നില്ക്കുകയാണ്. എടോ എന്റെ (മുഖ്യമന്ത്രിയുടെ ) ദുരിതാശ്വാസ നിധിയിൽ അടയ്ക്കണംന്ന്.” 3000 രൂപയായിരുന്നു ആദ്യ അവാർഡു തുക.(1998-ൽ ആണെന്ന് ഓർക്കണം.ഇന്നത് 25000 രൂപയാണ് ). അങ്ങനെ അവാർഡ് തുകയായ 3001 രൂപ ഈ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ അവാർഡ് സമിതിയെന്ന പിറവി സാംസ്ക്കാരിക സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചു. കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനംചെയ്ത സമ്മേളനത്തിൽ അന്നത്തെ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രിയദർശിനിയിൽ നിന്നും സി.പി.നായർ അവാർഡ് ഏറ്റ് വാങ്ങി

. ജി നകുലകുമാര്‍ കുന്നത്തൂര്‍ പിറവി സാംസ്കാരികവേദി പ്രസിഡന്റും സാഹിത്യകാരനുമാണ്

Advertisement