കുണ്ടറയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ വഴിത്തിരിവ്: മരുമകൻ അറസ്റ്റിൽ

കുണ്ടറ : ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ ഊറ്റുകുഴി മുരുകാലയം വീട്ടിൽ രഘുനാഥൻ (60) മരിച്ച സംഭവത്തിലാണ് മരുമകൻ പെരിനാട് ഇടവട്ടം വരട്ടുചിറകിഴക്കതിൽ വിശാഖി(26)നെ കുണ്ടറ പൊലീസ് അറസ്റ്റു ചെയ്തത്. ക്രൂരമായ മർദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണമായിരുന്നു അറസ്റ്റിലെത്തിയത്.  ഒക്ടോബർ 21ന് രാത്രി 11ഓടെയായിരുന്നു സംഭവം. രഘുനാഥനും ഭാര്യയും മകനും അടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീട്ടിൽ രാത്രി പതിനൊന്നരയോടെ അക്രമാസക്തനായി എത്തിയ വിശാഖ് ചുടുകട്ടയും വിറകും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രഘുനാഥ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ 4ന് പുലർച്ചെയാണ് മരണപ്പെട്ടത്.
     പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലും തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലും മരണം കൊലപാതകം ആണെന്ന് സംശയം ഉളവായതോടെ ശാസ്താംകോട്ട ഡിവൈഎസ്പി എസ് ഷെരീഫിന്റെ നിർദ്ദേശാനുസരണം കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. മരണത്തെകുറിച്ച് പോലീസിന് സംശയം തോന്നാതിരിക്കുവാൻ കുടുംബത്തിലെ മറ്റുള്ളവർ സംഭവം ഒളിച്ചുവെക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ സംഭവശേഷം ഒളിവിൽ പോയ വിശാഖ് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതാണ് പൊലീസിന്റെ ഇയ്യാളിലേക്ക് എത്തിച്ചത്. സ്ഥലത്തും ചികിത്സ തേടിയ ഹോസ്പിറ്റലുകളിലും ആയി നടത്തിയ വിശദമായ ശാസ്ത്രീയ പരിശോധനകൾ ഒടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്ഥലത്തെത്തിച്ച് സയൻറിഫിക് ഓഫീസറുടെ സാന്നിധ്യത്തിൽ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുകയും രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.   കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രതീഷ് എസ്. ഐ മാരായ അനീഷ് ബി, അനീഷ് എ, അബ്ദുൽ അസീസ് ലഗേഷ്,  എസ.് സി. പി. ഒ ഷീബ സി.പി.ഒമാരായ അനീഷ്, മെൽബിൻ , സുനിലാൽ, അരുൺ വി രാജ്, അരുൺ ഘോഷ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisement