കുണ്ടറയിൽ ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ഇതര സംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം

Advertisement

കൊല്ലം: പെരിനാട് സ്വദേശിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയായ ദീപക് (36) നെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്. സുഭാഷ് ശിക്ഷിച്ചത്. പെരിനാട് കവിത ഭവനത്തില്‍ കവിതയെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗാള്‍ സ്വദേശിയായ പ്രതി ജോലി തേടി കേരളത്തിലെത്തുകയും കവിതയുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും പശ്ചിമബംഗാളിലേക്ക് ഒളിച്ചോടി പോകുകയും ചെയ്തിരുന്നു. പിന്നീട് കവിതയുമായി തിരികെ എത്തി ഇവര്‍ കവിതയുടെ വീട്ടിലായിരുന്നു താമസം. സംശയത്തിന്റെ പേരില്‍ പ്രതി സ്ഥിരമായി കവിതയെ ഉപദ്രവിക്കുമായിരുന്നു.
പിന്നീട് 2020 ഏപ്രില്‍ 11ന് മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം കറികത്തി ഉപയോഗിച്ച് ഇയാള്‍ കവിതയെ കുത്തി മറിച്ചിട്ട ശേഷം കോടാലി കൊണ്ട് തലയിലും കഴുത്തിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. 14-ഓളം മുറിവുകളാണ് കവിതയുടെ ശരീരത്തിലുണ്ടായത്. കവിതയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയെയും പ്രതിയായ ദീപക് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റ കവിതയുടെ അമ്മ സരസ്വതിയും മക്കളും ദൃക്‌സാക്ഷികളായ കേസില്‍ 20-ഓളം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. കുണ്ടറ എസ്‌ഐ ഗോപകുമാറും എസ്എച്ച്ഒ ജയകൃഷ്ണനുമാണ് കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ബി. മഹേന്ദ്ര ഹാജരായി.

Advertisement