കോൺഗ്രസുകാർ അടിവച്ചു മുന്നേറിയ തോടെ യുഡിഎഫ് പദയാത്ര കോമഡിയായി

Advertisement

കരുനാഗപ്പള്ളി. ‘യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയിൽ കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് പോർവിളിയും തമ്മിലടിയും ഉണ്ടായി. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധം ഇതോടെ തെരുവിലെ കയ്യാങ്കളിയിൽ എത്തി. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്.

പദയാത്ര ആലുംകടവിൽ എത്തുന്നതിന് മുമ്പ് തന്നെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങിയിരുന്നു. ജാഥ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും ചിതറി ഓടി. കെ സി വേണുഗോപാൽ പക്ഷത്തെ കപ്പത്തൂർ റോയി, അനിൽ കാരമൂട്ടിൽ, തുടങ്ങിയവർ ഒരുപക്ഷത്തും മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന ജയകുമാർ, അമ്പിളി തുടങ്ങിയവർ മറു പക്ഷത്തും അണിനിരന്ന് പരസ്പരം വാക്ക് തർക്കവും കയ്യാങ്കളിയിലും എത്തിയതോടെ പ്രവർത്തകർ ഇരുപക്ഷത്തെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായി കപ്പത്തൂർ റോയിക്കെതിരെ ആക്ഷേപം ഉന്നയിച്ചു ജയകുമാർ പാഞ്ഞടുത്തു. നിൻ്റെ രാഷ്ട്രീയ ഭാവി ഇതോടെ അവസാനിച്ചു എന്ന് റോയിയും തിരിച്ചടിച്ചു.

തുടർന്ന് ഇവർ കെ സി വേണുഗോപാലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞുപോയത്. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇരുപക്ഷത്തെയും പിടിച്ചു മാറ്റിയത്. ജാഥാസ്വീകരണം നടത്താതെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷം സംബന്ധിച്ച വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് .

Advertisement