കൊല്ലം റയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് അഥവാ പ്ലാറ്റിനം കാറ്റഗറിയില്‍

കൊല്ലം റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ദ്ദിഷ്ട തീയതിയില്‍ നിന്നും ആറ് മാസം മുമ്പ് തന്നെ പൂര്‍ത്തിയാകുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് വികസിപ്പിക്കുന്ന കൊല്ലം റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ദ്ദിഷ്ട തീയതിയില്‍ നിന്നും ആറ് മാസം മുമ്പ് തന്നെ പൂര്‍ത്തിയാകുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തിലെത്തിയ സംഘം വിലയിരുത്തി. ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം സിഎഒയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നേരില്‍ പരിശോധിക്കുകയും അവലോകന യോഗം ചേര്‍ന്നതിന് ശേഷവുമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2025 ഡിസംബറില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കും. കരാര്‍ വ്യവസ്ഥ പ്രകാരം 2026 ജനുവരി 21-ാം തീയതി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ടത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നല്‍കാന്‍ ഉദ്ദേശിക്കുന്ന സേവനങ്ങളും നിര്‍മ്മാണ സേവന രംഗത്തെ പ്ലാറ്റിനം ഗ്രേഡില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരാര്‍ സമയത്ത് ഗോള്‍ഡ് നിലവാരമാണ് ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് പ്ലാറ്റിനം നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുക എന്ന പ്രധാന പ്രവൃത്തിയുടെ ഭാഗമായി പ്രോജക്ട് ഏരിയ ക്ലിയറന്‍സ് പൂര്‍ത്തീകരണം അന്തിമ ഘട്ടത്തിലാണ്.
തെക്കുഭാഗത്തുള്ള ഒന്നാം ടെര്‍മിനല്‍ കെട്ടിടത്തിന് ഗ്രൗണ്ട് ഫ്‌ളോര്‍ ഉള്‍പ്പെടെ 5 നിലകളാണുള്ളത്, 55000 ചതുശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം. യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ലോഞ്ചുകള്‍, കോമേഴ്‌സല്‍ ഏരിയ എന്നിവയുണ്ടാകും. താഴെത്തെ നിലയില്‍ ശുചിമുറികള്‍, ക്ലോര്‍ക്ക് റൂം, ബേബി കെയര്‍, ഫീഡിംഗ് റൂം, ഹെല്‍പ്പ് ഡെസ്‌ക്, കോമേഴ്‌സ്യല്‍ ഔട്ട് ലെറ്റ്, കിയോസ്‌കുകള്‍ എന്നിവ ഒരുക്കും. രണ്ട് എസ്‌കലോറ്ററുകളും, 8 ലിഫ്റ്റുകളും, ബാഗേജ് സ്‌കാനറും, കമ്പ്യൂട്ടറൈസ്ഡ് മള്‍ട്ടി എന്‍ര്‍ജി എക്‌സ്‌റേയും സ്ഥാപിക്കും.  
അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് എയര്‍ കോണ്‍കോഴ്‌സില്‍ ഒരുക്കുന്നത്. 36 മീറ്റര്‍ വീതിയില്‍ രണ്ട് ടെര്‍മിനലുകളെയും യോജിപ്പിക്കുന്നതും എല്ലാ പ്ലാറ്റുഫോമുകളെയും ബന്ധിപ്പിക്കുന്നതാണ് എയര്‍ കോണ്‍കോഴ്‌സ്. നാല് എസ്‌കലേറ്ററുകളും നാലു ലിഫ്റ്റുകളും സ്ഥാപിക്കും. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായ നിലവാരത്തിലാണ് കോണ്‍കോഴ്‌സ് നിര്‍മ്മിക്കുന്നത്. റസ്റ്റോറന്റുകള്‍, ഔട്ട് ലെറ്റുകള്‍, റിട്ടെയല്‍ ഔട്ട് ലെറ്റുകള്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കും.
സാധാരണ ഗതിയില്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള പ്രവേശനം ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമാണ്. എന്നാല്‍ പുതിയതായി ഒരുക്കുന്ന മാളിന് സമാനമായ സൗകര്യമുള്ള കോണ്‍കോഴ്‌സില്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാം. വടക്കുവശമുള്ള രണ്ടാം ടെര്‍മിനലില്‍ ഒന്നാം ടെര്‍മിനലില്‍ ഉള്ളത് കൂടാതെ കെട്ടിടത്തില്‍ ടിക്കറ്റ് കൗണ്ടര്‍, ബുക്കിംഗ് ആഫീസ്, ബാഗേജ് സ്‌കാനര്‍, കമ്പ്യൂട്ടര്‍ ബേസിഡ് എനര്‍ജി എക്‌സ് റേ, മള്‍ട്ടി എന്‍ര്‍ജി എക്‌സ്‌റേ എന്നിവ ഒരുക്കും.
കൊല്ലം നഗരത്തിന്റെ പാര്‍ക്കിംഗ് പ്രശ്‌നത്തിന് പരിഹാരമായി അഞ്ച് നിലകളുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് നിര്‍മ്മിക്കുന്നു. കാര്‍ പാര്‍ക്കിംഗ് സമുച്ചയത്തില്‍ രണ്ട് ലിഫ്റ്റുകള്‍ ഒരുക്കും. ഒരേ സമയം 239 ബൈക്കുകള്‍ക്കും, 150 കാറുകള്‍ക്കും സുഗമമായി പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഇതു കൂടാതെ സര്‍ഫസ് ലെവല്‍ പാര്‍ക്കിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.  വാഹനങ്ങള്‍ വന്ന് യാത്രക്കാരെ ഇറക്കുന്നതിനും കയറ്റി കൊണ്ട് പോകുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും യാതൊരു തടസ്സം കൂടാത്ത ഗതാഗത സൗകര്യം ഒരുക്കുന്നുണ്ട്.  

കൊല്ലം ‘മെമ്മു ഹബ്’ ആകുന്നു
24 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന മെമ്മു ഷെഡാണ് കൊല്ലത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ കഴിയുന്ന മറ്റൊരു പുതിയ സംരംഭം. കേരളത്തിലെ മെമ്മു ഹബ്ബായി കൊല്ലം മാറും. നാളിതുവരെ മെമ്മു ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നത് ഈറോഡിലാണ്.  
മെമ്മു ഹബ് വരുന്നതോടുകൂടി കൊല്ലത്ത് നിന്നും കൂടുതല്‍ മെമ്മു സര്‍വ്വീസുകള്‍ ആരംഭിക്കും. പ്രാദേശികമായി യാത്ര ചെയ്യുന്നവര്‍ക്ക് വളരെ പ്രയോജനമുള്ളതാണ് മെമ്മു ഷെഡ്. 2024 ഡിസംബറോടു കൂടി മെമ്മു ഷെഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മള്‍ട്ടി ഡിസിപ്ലിനറി ഡിവിഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

വിവിധോദ്ദേശ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. റെയില്‍വേ ഡിവിഷന്റെ പരിശീലനം പൂര്‍ണ്ണമായും കൊല്ലത്ത് നടത്താന്‍ കഴിയും. പതിനയ്യായിരം ചതുശ്ര അടി വിസ്തീര്‍ണ്ണമുള്ള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
അവലോകന യോഗത്തിലും പരിശോധനയിലും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയ്ക്കൊപ്പെ ദക്ഷിണ റയില്‍വേ നിര്‍മ്മാണം കേരള മേധാവി ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചന്ദ്രു പ്രകാശ്, പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ദാമോദരന്‍, റൈറ്റ്‌സ് ടീം ലീഡര്‍ കെ. കരുണാനിധി, സതേണ്‍ റയില്‍വേ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷണ്‍മുഖം തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും വിദഗദ്ധരും പങ്കെടുത്തു.

Advertisement